സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചിരുന്നതിനാലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് മികച്ച നായകനാവാന്‍ സാധിക്കാതെ പോയതെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ മദന്‍ ലാല്‍. സച്ചിന്‍ ഒരിക്കലും മികച്ച ക്യാപ്റ്റനായിരുന്നില്ല എന്ന് മദന്‍ ലാല്‍ പറഞ്ഞു.

സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത സച്ചിന് ടീമിനെ നന്നായി നോക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനാവുമ്ബോള്‍ നിങ്ങളുടെ പ്രകടനം മാത്രം മെച്ചപ്പെട്ടാല്‍ പോരാ, ബാക്കി 10 കളിക്കാരില്‍ നിന്നും മികച്ച പ്രകടനം നേടിയെടുക്കാനാവണം. ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ടതാണ്, മദന്‍ ലാല്‍ പറഞ്ഞു.

ടെസ്റ്റില്‍ 25 മത്സരങ്ങളിലാണ് സച്ചിന്റെ ഇന്ത്യയെ നയിച്ചത്. ഇതില്‍ 9 കളിയില്‍ തോറ്റപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.സച്ചിന് കീഴില്‍ നാല് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏകദിനത്തിലേക്ക് എത്തുമ്ബോള്‍ സച്ചിന്‍ ഇന്ത്യയെ നയിച്ച 73 മത്സരങ്ങളില്‍ ഇന്ത്യയ ജയിച്ചത് 23 എണ്ണത്തില്‍ മാത്രം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായപ്പോഴും സച്ചിന് തിളങ്ങാനായില്ല. സച്ചിന്റെ കീഴില്‍ മുംബൈ കിരീടത്തിലേക്ക് എത്തിയിരുന്നില്ല. സച്ചിന് കീഴില്‍ കളിച്ച 55 കളിയില്‍ നിന്ന് 32 ജയമാണ് മുംബൈ നേടിയത്.