നാല് വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും താരത്തിന് ഫോം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയില്‍ ഒരു മത്സരം മാത്രം കളിച്ച താരം ആറ് റണ്‍സിന് പുറത്തായി. ആദ്യ പന്ത് സിക്സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.

ഇപ്പോള്‍ ഫോം തെളിയിക്കാന്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചിരിക്കുകയതാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ശ്രീലങ്കക്കെതിരെയുള്ള മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റതോടെ സഞ്ജുവിന് ഇടം നല്‍കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ എടീമിനൊപ്പം ന്യൂസിലന്റ് പര്യടനത്തിലാണ് സഞ്ജു. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കാം.

വീരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, ചാഹല്‍, വാഷിങ് ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്രസ മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ട്വന്റി 20 ടീമിലുള്ളത്.