തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന 25 പേജുകള്‍ വരുന്ന സരിതയുടെ വിവാദ കത്ത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന ആരോപണവുമായി മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതിചേര്‍ക്കപ്പെട്ടതാണെന്നും നടനും എംഎല്‍എ യുമായ ഗണേശിന്റെ നേതൃത്വത്തില്‍ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തില്‍ പറഞ്ഞു. സരിതയുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കൊഴുക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് ഫെനിയും പങ്കാളിയായിരിക്കുന്നത്.
സരിതയുടെ കത്തില്‍ നാലു പേജ് അധികമായി എഴുതിചേര്‍ത്തെന്നാണ് ആരോപണം. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജുകള്‍ വരുന്ന ആര്‍ക്കെതിരേയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഇല്ലാത്തതുമായിരുന്നു. എന്നാല്‍ 25 പേജ് എങ്ങിനെ വന്നെന്നാല്‍ കൊട്ടാരക്കരയില്‍ ഗണേശിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ബന്ധു ശരണ്യാമനോജ് എഴുതിച്ചേര്‍ത്തതാണെന്നാണ് ഫെനിയുടെ ആരോപണം. തന്റെ വാഹനത്തില്‍ കയറിയിരുന്നായിരുന്നു എഴുതിയത്. തന്റെയും ഗണേശിന്റെയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.
സരിതയുടെ കത്തില്‍ കുറേക്കൂടി ഉന്നതരുടെ പേരും സെക്‌സ്വലായ കുറേ കഥകളും കൂടി എഴുതിച്ചേര്‍ക്കണമെന്ന് ഗണേശ് ആവശ്യപ്പെട്ടു. ഗണേഷിന്റെ പിഎ പ്രദീപാണ് തന്റെ കയ്യില്‍ നിന്നും കത്തു വാങ്ങിയതെന്നും ഫെനി പറഞ്ഞു. 2015 മാര്‍ച്ച് 13 ന് ശരണ്യാ മനോജ് ഒരു ഡ്രാഫ്റ്റ് എടുത്തുകൊണ്ട് തന്റെ അരികില്‍ വന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ മറികടക്കാനുള്ള തന്ത്രം ആലോചിക്കുന്ന തിരക്കിനിടയിലാണ് ഫെനി വാര്‍ത്താസമ്മേളനവും നടത്തിയിരിക്കുന്നത്.