കോയമ്പത്തൂർ∙ മലയാളി യുവാവ് പോർച്ചുഗീസ് വനിതയെ ജീവിത സഖിയാക്കി. നഞ്ചുണ്ടാപുരത്ത് താമസിക്കുന്ന പാലക്കാട് യാക്കര സ്വദേശി ടി.ആർ.അശോക്, ശൈലജ ദമ്പതികളുടെ മകൻ ടി. എ. സിദ്ധാർഥ്(34)ആണ് പോർച്ചുഗലിലെ കാതറിൻ മരിയ ഡിസൂസ മാർട്ടിനോ ലൊബേറ്റോയെ വിവാഹം ചെയ്തത്. ടാൻസാനിയയിൽ ബിബിടിസി പ്ലാന്റേഷനിൽ ഉദ്യോഗസ്ഥനായ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെയാണ് കാതറിനെ പരിചയപ്പെട്ടത്. ലണ്ടനിൽ  ആർക്കിയോളജി   പഠനം പൂർത്തിയാക്കിയതാണ് കാതറിൻ. പരിചയം വളർന്നപ്പോൾ കാതറിൻ ടാൻസാനിയയിലെത്തി സിദ്ധാർഥിനെ കണ്ടു.

രണ്ടുപേർക്കും പൊതുവായി ഏറെ ഇഷ്ടങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിത യാത്രയിൽ ഒരുമിച്ച് സഞ്ചരിക്കാൻ തീർച്ചയാക്കി.വിവരമറിഞ്ഞപ്പോൾ രണ്ടാളുടെയും മാതാപിതാക്കൾ  എതിർത്തില്ല. സിദ്ധാർഥ് ടാൻസാനിയയിലെത്തി കാതറിന്റെ മാതാപിതാക്കളെ കണ്ടു. കഴിഞ്ഞ 16ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി പരിസരത്തെ ധന്വന്തരി ക്ഷേത്രത്തിൽ സിദ്ധാർഥ് കാതറിന് താലി ചാർത്തി. ഹിന്ദുമതാചാരമനുസരിച്ചായിരുന്നു വിവാഹ കർമങ്ങൾ. വൈകാതെ രണ്ടുപേരും ടാൻസാനിയയിലേക്ക് പോകും. നേരത്തെ വാൽപാറ  ബിബിടിസി പ്ലാന്റേഷനിൽ ജോലി ചെയ്ത സിദ്ധാർഥിന് രണ്ട് വർഷം മുൻപാണ് ടാൻസാനിയയിലേക്ക് സ്ഥലംമാറ്റമായത്.