മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കയറുമ്പോല്‍ ഉടുപ്പൂരണമെന്ന ആചാരത്തിന് എസ്എന്‍ഡിപിയുടെ തിരുത്ത്. ഇനി മുതല്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിക്കാതെ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കാം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനു ശേഷം വെള്ളാപ്പള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.

പഞ്ചലോഹത്തില്‍ നിര്‍മിച്ച ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സമര്‍പ്പിച്ച ശേഷം നടന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.

‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. പിന്നീട് ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.