ബിന്റോയുടെ വേർപാട് നൽകിയ വേദനയിൽ നിന്നും മുക്തമായിട്ടില്ല വാഴൂർ പതിനാലാംമൈൽ പൊടിപാറയിലെ ബിന്റോയുടെ വീടും മാതാപിതാക്കളും. എന്തിനാണ് എന്റെ കുഞ്ഞിനെ ഒന്നര മാസം പത്താം ക്ലാസ്സിൽ ഇരുത്തിയത്? തിരിച്ചു വാങ്ങാൻ ആയിരുന്നെങ്കിൽ എന്തിനാണ് അവനു പുതിയ പാഠപുസ്തകങ്ങൾ നൽകിയത്? എന്ന് ബിന്റോയുടെ പിതാവ് ഈപ്പൻ വർഗീസ് വേദനയോടെ ചോദിക്കുന്നു.പൊതിഞ്ഞു വച്ച പുസ്തങ്ങൾ തിരിച്ചു നൽകേണ്ടി വന്നപ്പോൾ മകൻ തളർന്നു പോയി എന്നും ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ വരരുത് എന്നും ആ പിതാവ് അപേക്ഷിക്കുന്നു.

ബിന്റോ പോയതോടെ പൊടിപാറയിലെ വീടും കണ്ണീരിൽ ആയ അവസ്ഥയിലാണ് . അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, പഠനമുറി, മേശ ഇതൊന്നും അവന്റെ വേർപാടിൽ നിന്ന് മുക്തരായിട്ടില്ല. പഠിച്ചിരുന്ന സ്കൂളിൽ നിന്നും മാറേണ്ടി വരും എന്നറിഞ്ഞതോടെ മറ്റു പല സ്കൂളുകളിലും അഡ്മിഷനായി ശ്രമിച്ചു എങ്കിലും എവിടെയും കിട്ടിയിരുന്നില്ല. ഒടുവിൽ വാഴയൂർ സെന്റ് പീറ്റേഴ്‌സ് സ്കൂളിൽ പ്രവേശനം നൽകാം എന്ന് സ്കൂൾ അധികൃതർ സമ്മതിച്ചു എങ്കിലും അതിനു കത്ത് നിൽക്കാതെ അവൻ യാത്ര ആവുകയായിരുന്നു.  ബാഡ്മിന്റനും ഫുട്‌ബോളുമൊക്കെ മിടുക്കനായിരുന്ന ബിന്റോ പള്ളിയിലെ അൾത്താര ശുശ്രൂഷിയും ആയിരുന്നു.