തിരുവവനന്തപുരം: അനന്തപുരിയില്‍ വിരുന്നെത്തിയ ടി20 മത്സരത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികളുടെ മുന്നില്‍ കിവികള്‍ക്ക് കാലിടറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ആറ് വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്.

രണ്ടാമത്തെ ഓവറില്‍ ബുംറയുടെ പന്തില്‍ കോളിന്‍ മണ്‍റോയും പുറത്തായി.നാലാമത്തെ ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡെയുടെ ത്രോയില്‍ കെയിന്‍ വില്യംസ്ണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ശിഖര്‍ ധവാന്റെ സൂപ്പര്‍ ക്യാച്ചില്‍ ഗ്ലെന്‍ ഫിലിപ്‌സും പുറത്തായി. ജസ്പ്രീത് ബൂംറ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഹെന്‍ട്രി നിക്കോളാസിനെ ശ്രേയസ് അയ്യര്‍ പിടിച്ചു പുറത്താക്കി. ന്യൂസിലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആറുപന്തില്‍ ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സൗത്തിയാണ് അടുത്തടുത്ത പന്തുകളില്‍ ധവാന്റെയും രോഹിത്തിന്റെയും വിക്കറ്റെടുത്തത്. നാലാം ഓവറില്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത കൊഹ്‌ലിയെ ഇഷ് സോധി പുറത്താക്കി. ഇഷ് സോധി എറിഞ്ഞ അഞ്ചാം ഓവറില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും പുറത്തായി. അവസാന ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്‌ഹോം ബൗണ്ടറിയില്‍ നിന്നും അസാമാന്യ കാച്ചെടുത്ത് പുറത്താക്കി. 14 പന്തെടുത്ത ഹാര്‍ദിക് പാണ്ഡെയും റണ്‍സൊന്നുമെടുക്കാതെ ധോണിയും പുറത്താകാതെ നിന്നു. നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസന്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

മഴമൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തേത് നിര്‍ണായകമായിരുന്നു. ഏഴു മണിക്കു തുടങ്ങേണ്ട മല്‍സരം മഴമൂലം വൈകിയ സാഹചര്യത്തിലാണ് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുന്‍ മത്സരങ്ങളില്‍ ഉണ്ടായിരുന്ന അക്‌സര്‍ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഒഴിവാക്കിയ കൊഹ്‌ലി മനീഷ് പാണ്ഡെയെയും കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.