സ്‌കൂളിലെ സ്റ്റാഫ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവെക്കാതെ ചടങ്ങുകള്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു .

പൊന്നാനി തവനൂരിന് സമീപത്തെ ഐഡിയൽ എഡ്യൂക്കേഷൻ സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും മരണപ്പെട്ട ടീച്ചറുടെ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ദീപാവലി ദിവസമാണ് പൊന്നാനി സ്വദേശിയായ ശ്രീഷ്മ എന്ന അധ്യാപിക സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് പോകുന്നതിനിടെ ചമ്രവട്ടത്ത് വെച്ച് ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചത്.

കൂടെയാത്ര ചെയ്തിരുന്ന ചെയ്തിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ പ്രജുലയെ പരുക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു .എന്നാല്‍ അപകടവിവരം സ്‌കൂളിലെ പ്രധാനികള്‍ അറിഞ്ഞിട്ടും ചടങ്ങ് മാറ്റിവെക്കാന്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരിലും കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .ചടങ്ങില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കുണ്ടായ അപകടം ഇവരെ അറിയിച്ചതുതന്നെ പതിനൊന്ന് മണിക്ക് ശേഷമാണ് .

അദ്യാപകര്‍ക്കുള്ള ട്രോഫി വിതരണവും മറ്റു ചടങ്ങുകളും പതിനൊന്നരക്കകം പൂര്‍ത്തിയാക്കിയാണ് സഹപ്രവര്‍ത്തകര്‍ മരിച്ച അധ്യാപികയുടെ വീട്ടിലെത്തിയത് .മരിച്ചതറിഞ്ഞിട്ടും ചടങ്ങ് നടത്തിയതാണ് വ്യാപക പ്രതിഷേധമുണ്ടാക്കിയത് .സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്‌കൂളിനെതിരെ കടുത്ത ഭാഷയിലാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രതിഷേധം അറിയിച്ചിട്ടുള്ളത് .

കാലത്ത് 9.30ന് തുടങ്ങേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരഥിതിക്ക് മറ്റൊരു പ്രോഗ്രാമും കൂടെ ഉള്ളത് കൊണ്ട് 9 മണിക്ക് മുമ്പുതന്നെ സ്‌കൂളിലെത്തുകയും പെട്ടെന്ന് പോകണമെന്ന് അറിയിക്കുകയും ചൈതതിന്റെ അടിസ്ഥാനത്തില്‍ എത്തിപ്പെട്ട സ്റ്റാഫുകളുമായി പരിപാടി തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം . ഇതിനിടയിലാണ് അദ്ധ്യാപികക്ക് ദുരന്തം സംഭവിച്ചതായി അറിയുന്നത്

Image may contain: 1 person, text

അറിഞ്ഞയുടനെ തന്നെ പരിപാടി നിര്‍ത്തുകയും തുടര്‍ന്നു നടക്കേണ്ട സെഷനുകളില്‍ പങ്കെടുക്കേണ്ട വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള ആളുകളെ വിളിച്ച് പരിപാടി ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയും മുഴുവന്‍ അദ്ധ്യാപരേയും കൂട്ടി മരണപ്പെട്ട ടീച്ചറുടെ വീട്ടിലേക്ക് പോകുകയുംഅവിടെ മറ്റു കാര്യങ്ങളക്കം ചെയ്തതിന് ശേഷമാണ് മാനേജര്‍ അടക്കമുള്ള സ്റ്റാഫുകളും ട്രസ്റ്റ് മെമ്പര്‍മാരും അവിടെ നിന്നും തിരികെ പോന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു .

സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വ്യാഴാഴ്ച നടക്കേണ്ട പാരന്റ്‌സ് മീറ്റ് മാറ്റിവെക്കുകയും മരണപ്പെട്ട ടീച്ചര്‍ പഠിപ്പിച്ചിരുന്ന യുപി വിഭാഗത്തിന് അവധി നല്‍കുകയും ചെയ്തിരുന്നു .അതേ സമയം സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു .