യുഎസ് അഭയം ആവശ്യപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 75 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. 33-കാരനായ അജയ് കുമാറും 24-കാരനായ ഗുര്‍ജന്ത് സിംഗുമാണ് നിരാഹാര സമരം നടത്തുന്നത്. ടെക്‌സസിലെ എല്‍ പാസോയിലെ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി തടങ്കലിലാണ് ഇവര്‍.

വടക്കേ ഇന്ത്യയില്‍ നിന്ന് രണ്ടുമാസം എടുത്താണ് ഇവര്‍ യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിപറ്റിയത്. കടലിലൂടെയും, കരയിലൂടെയും ഇടയ്ക്ക് വിമാനത്തിലൂടെയും സഞ്ചരിച്ചാണ് മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്ന അവര്‍ അവിടെ നിന്ന് വളരെ സാഹസികമായിട്ടാണ് യുഎസ് അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ വച്ച് ഇവര്‍ പിടിക്കപ്പെടുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ പീഡിപ്പിക്കുമെന്നും അതിനാല്‍ അഭയം നല്‍കണമെന്നുമാണ് അധികൃതരോട് ഇവര്‍ പറയുന്നത്.

അജയ് കുമാറിന്റെ അപ്പീല്‍ യുഎസ് ഇമിഗ്രേഷന്‍ അപ്പീലിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം തന്റെ അപ്പീല്‍ നിരസിച്ച ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട് ഗുര്‍ജന്ത് സിംഗ്. ‘നീതിപൂര്‍വവ്വും നിഷ്പക്ഷവു’മായ വിധി പറയുന്നഒരു ന്യായാധിപന്‍ തന്റെ വാദം പുതിയതായി കേള്‍ക്കണമെന്നാണ് ഗുര്‍ജന്ത് ആവശ്യപ്പെടുന്നത്.

തടങ്കലില്‍ വയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുമ്പോള്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ആഴ്ച വരെ നിരാഹാര സമരത്തിലായിരുന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേസുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികളെ തടഞ്ഞുവയ്ക്കാനോ മോചിപ്പിക്കാനോ അധികാരമുണ്ട്.

2018 ല്‍ യുഎസ് അതിര്‍ത്തി പട്രോളിംഗിനിടെ പിടികൂടിയത് 9,000 ല്‍ അധികം ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു. 2017-ലെതിനേക്കാള്‍ മൂന്നിരട്ടിയാണ് 2018ല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക്. ഇവരില്‍ ഭൂരിഭാഗവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ജൂലൈയില്‍ അതിര്‍ത്തി പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥര്‍ അരിസോണയിലെ മരുഭൂമിയില്‍ ആറ് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആ പെണ്‍കുട്ടി യാതന നിറഞ്ഞ യാത്രകൊണ്ടാവാം മരണപ്പെട്ടതെന്ന് കരുതുന്നു.

എത്തിപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാണ്. പക്ഷേ ഉന്നതങ്ങളില്‍ നിന്ന് അവരുടെ അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. സ്വദേശ സുരക്ഷ പ്രകാരം 2015നും 2017നും ഇടയില്‍ 7,000-ല്‍ അധികം ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് തിരിച്ചയച്ചത്. എന്നാലും വീണ്ടും ഇന്ത്യന്‍ സംഘങ്ങള്‍ യുഎസ് അതിര്‍ത്തിയിലേക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തികൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.