സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: യുകെയിലെ ശാസ്ത്രജ്ഞരുടെ നിരയിലേക്ക് ഉയരാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടി. മിഡ്ലാന്‍ഡ്സിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് സമീപം ട്രെന്‍റ് വേയ്ലില്‍ താമസിക്കുന്ന പതിനേഴുകാരിയായ എ ലെവല്‍ വിദ്യാര്‍ഥിനി അന്ന റിച്ച ബിജുവാണ് അതുല്യ നേട്ടത്തിന് ഉടമയായത്. യുകെയിലെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഇടം നേടിയതിലൂടെ ആണ് അന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
ന്യൂ കാസിലിലെ സെന്റ്‌ ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ് അന്ന റിച്ച ബിജു എന്ന മിടുക്കി. തലച്ചോറിലെ കോശങ്ങളെ കുറിച്ച് നടത്തിയ ഗവേഷണത്തിലൂടെയാണ് അന്ന യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. നാഷണല്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിംഗ് കോമ്പറ്റീഷനില്‍ തന്‍റെ കണ്ടു പിടുത്തം സമ്മാനം നേടുമെന്ന പ്രതീക്ഷയിലാണ് അന്ന ഇപ്പോള്‍.

ന്യൂകാസില്‍ സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അന്ന റിച്ച ബിജു എന്ന പതിനേഴുകാരിയാണ് യുകെയിലെ യുവ ശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തുന്ന നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് മത്സരമായ ബിഗംബാംഗ് ഫെയറിന്റെ അന്തിമ റൗണ്ടില്‍ പ്രവേശിച്ചത്. മസ്തിഷ്‌കത്തിലെ കോശങ്ങളേക്കുറിച്ചുള്ള പഠനമാണ് ട്രെന്റ് വെയിലില്‍ താമസിക്കുന്ന അന്നയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

anna family

തന്റെ അമ്മ പറഞ്ഞതനുസരിച്ചാണ് ഈ മത്സരത്തില്‍ പങ്കെടുത്തതെന്നും ഫൈനലില്‍ താന്‍ ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും അന്ന പറഞ്ഞു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്റ് പദം രണ്ട് വട്ടം അലങ്കരിച്ചിട്ടുള്ള ബിജു ജോസഫിന്റെ മകളാണ് അന്ന റിച്ച ബിജു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ബിജു. അമ്മ ലിജിന്‍ ബിജു സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആണ്. ഒരു സഹോദരന്‍ ആണ് അന്ന്യ്ക്കുള്ളത്.

കീല്‍ സര്‍വകലാശാലയില്‍ നുഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്‌മെന്റിന്റെ ഭാഗമായാണ് അന്ന തന്റെ പഠനം നടത്തിയത്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ഗവേഷണം. ഇമ്മ്യൂണ്‍ സെല്ലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സിറം ഫ്രീ കള്‍ച്ചര്‍ രീതി സഹായിക്കുമോ എന്നതാണ് അന്ന പഠനവിധേയമാക്കിയത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതു മൂലമുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍, അല്‍ഷൈമേഴ്‌സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് അന്നയുടെ പഠനത്തിലെ കണ്ടുപിടിത്തങ്ങള്‍ ഉപകാരപ്പെടുമെന്നാണ് നിഗമനം. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഹൈ ടെക് ലാബിലായിരുന്നു അന്ന തന്റെ പരീക്ഷണങ്ങള്‍ നടത്തിയത്.

anna

 

ഗവേഷണം എന്നാല്‍ എന്താണെന്നുപോലും തനിക്കറിയില്ലായിരുന്നു. എന്നാല്‍ ഈ പഠനം തന്റെ വീക്ഷണങ്ങളെ ഒരുപാട് മാറ്റി മറിച്ചതായി അന്ന പറഞ്ഞു. ബയോമെഡിക്കല്‍ ഗവേഷണമായിരിക്കും തന്റെ ഭാവി പ്രവര്‍ത്തനമേഖലയെന്ന് ഉറപ്പിക്കാനായെന്നും അന്ന വ്യക്തമാക്കി. പ്രോജക്റ്റിനു വേണ്ടി പതിനാറു പേജുള്ള ഒരു റിപ്പോര്‍ട്ടും പോസ്റ്ററും തയ്യാറാക്കണമായിരുന്നു. പഠനത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കുകയും വേണമായിരുന്നു. അതിന് ലഭിച്ച ഗോള്‍ഡ് ക്രസ്റ്റ് പുരസ്‌കാരം ദേശീയ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് മത്സരത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ അന്നയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൈസ്‌കൂളുകളിലേക്ക് വലിയ പരീക്ഷണങ്ങള്‍ക്കായി നടത്തിയ യാത്രകളും തനിക്കോര്‍മയുണ്ട്. ശാസ്ത്രം വികസിക്കുന്നത് നോക്കിക്കാണാന്‍ ഇഷ്ടമായിരുന്നുവെന്നും അന്ന പറഞ്ഞു. എ ലെവലില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയാണ് അന്ന പഠിക്കുന്നത്. അടുത്ത വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ ഡിഗ്രിക്ക് ചേരണമെന്നാണ് അന്ന ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനു മുമ്പ് ബിഗ് ബാംഗ് ഫെയറിലെ വിധികര്‍ത്താക്കള്‍ അന്നയുടെ ശാസ്ത്രാവബോധം അളക്കും. ബര്‍മിംഗ്ഹാം എന്‍ഇസിയില്‍ മാര്‍ച്ചിലാണ് മത്സരം നടക്കുക. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ശാസ്ത്ര മത്സരമാണ് ബിഗ്ബാംഗ് ഫെയര്‍. വിര്‍ച്വല്‍ റിയാലിറ്റി, കമ്പ്യൂട്ടര്‍ കോഡിംഗ്, മറൈന്‍ ബയോളജി, ബഹിരാകാശ ശാസ്ത്രം തുടങ്ങി എല്ലാ മേഖലയിലുമുള്ള യുവ പ്രതിഭകള്‍ ഇവിടെ ഏറ്റുമുട്ടും. 150ഓളം അവതരണങ്ങളും ചര്‍ച്ചകളും ഇവിടെ നടക്കും.

മത്സരത്തില്‍ പങ്കെടുത്ത് മുന്‍ വര്‍ഷങ്ങളില്‍ വിജയികളായവര്‍ ബിബിസി പരിപാടിയായ ഡ്രാഗണ്‍സ് ഡെന്നില്‍ മത്സരാര്‍ത്ഥികളായിട്ടുണ്ട്. സ്‌പോര്‍ട്ട് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന റിച്ച മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രാദേശിക തലത്തില്‍ വിലയിരുത്തിയ വിധികര്‍ത്താക്കള്‍ അന്നയുടെ പഠനത്തിനേക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഇമ്രാന്‍ ഖാന്‍ അറിയിച്ചു.