ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ മാറ്റമുണ്ടാകില്ല; സാമ്പത്തിക സഹായങ്ങളും പഴയ രീതിയില്‍ തുടരും

ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ മാറ്റമുണ്ടാകില്ല; സാമ്പത്തിക സഹായങ്ങളും പഴയ രീതിയില്‍ തുടരും
July 03 05:33 2018 Print This Article

ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.

നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles