ലണ്ടന്‍: സാധാരണക്കാര്‍ക്ക് എന്‍എച്ച്എസിനോടുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതായി പഠനം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് 70 ശതമാനം ആളുകള്‍ കരുതുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ എന്‍എച്ച്എസിനു വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമായതെന്ന് അസോസിയേഷന്‍ വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ബിഎംഎ നേതാവ് ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ ചുമതലയില്‍ നിന്ന് ഒഴിയുന്ന സമ്മേളനം കൂടിയാണ് ഇത്. എന്‍എച്ച്എസ് ഈ വിധത്തിലായതിനു കാരണം രാഷ്ട്രീയമായ ഇടപെടലുകളാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറയുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന് ലോക നിലവാരത്തിലുള്ള എന്‍എച്ച്എസ് ആണ് വേണ്ടത്. എന്നാല്‍ അതിനായി നടത്തുന്നത് മൂന്നാം കിട സാമ്പത്തിക ഇടപാടുകളാണ്. പൊതുജനത്തെ ചെറുതായി കാണുന്ന സമീപനമാണ് ഇതെന്നും ബിഎംഎ അഭിപ്രായപ്പെടുന്നു.

ബിഎംഎ നടത്തിയ പോളില്‍ പങ്കെടുത്ത 43 ശതമാനം ആളുകളും എന്‍എച്ച്എസില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. 33 ശതമാനം ആളുകള്‍ മാത്രമാണ് സേവനങ്ങളില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞത്. 2015ല്‍ നടത്തിയ സര്‍വേയില്‍ 21 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു സേവനങ്ങളില്‍ തൃപ്തിയില്ലായിരുന്നത്. 2016ല്‍ 37 ശതമാനവും അസംപ്തി അറിയിച്ചു. എന്‍എച്ച്എസിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് 82 ശതമാനം ആളുകള്‍ അറിയിച്ചുവെന്നും സര്‍വേ പറയുന്നു.