തന്‍റെ മകള്‍ കെട്ടിടത്തില്‍ നിന്നും ചാടിയതല്ല; മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി ഗൗരിയുടെ പിതാവ്

തന്‍റെ മകള്‍ കെട്ടിടത്തില്‍ നിന്നും ചാടിയതല്ല; മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി ഗൗരിയുടെ പിതാവ്
October 24 09:14 2017 Print This Article

കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ‘മോള്‍ ചാടിയതാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അല്ല’ എന്നായിരുന്നു മറുപടി. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. ഈ സമയം പിന്നില്‍ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നു എന്നും പ്രസന്നന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസന്നന്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നന്‍ ദുരൂഹത ആരോപിക്കുന്നു. കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചുതാമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നന്‍ പറയുന്നു. ട്രിനിറ്റി ലൈസിയം സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്‌നവുമില്ലെന്ന് അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം €ോട്ടിംഗ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു. ഈ സമയം മകളെ ഐ.സി.യുവിലേക്ക് മാറ്റി.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു.
ന്യുറോ സര്‍ജനോ മറ്റ് വിദഗ്ധ ഡോക്ടര്‍മാരോ തിരിഞ്ഞുനോക്കിയില്ലെന്നും പ്രസന്നന്‍ പറയുന്നു. ന്യുറോ സര്‍ജനായ ഡോ.ജയപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തൊഴുകൈയോടെ അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഡോക്ടര്‍ ഇറങ്ങിവന്നില്ലെന്നും പ്രസന്നന്‍ പറഞ്ഞു.
ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.

ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്‌കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. മകള്‍ പോലീസിനു മൊഴി നല്‍കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും പ്രസന്നന്‍ പറയുന്നു.
കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല. കുട്ടിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തലയുടെ മാത്രമാണ് എടുത്തതെന്ന് അവര്‍ പറഞ്ഞു. ഇത്രയും ഉയരത്തില്‍ നിന്ന് വീണ കുട്ടിയുടെ തലയുടെ സ്‌കാനിംഗ് മാത്രമാണോ എടുക്കേണ്ടത്. കുട്ടിക്ക് തലയ്ക്കു താഴേക്കാണ് ശരിക്കും പരുക്കുകള്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles