വീരപ്പനെ വധിക്കുവാന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്, ജീവന്‍ പണയപ്പെടുത്തി വിവരങ്ങള്‍ കൈമാറിയ താന്‍ ചതിക്കപ്പെട്ടു എന്നും ആരോപണം

വീരപ്പനെ വധിക്കുവാന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്, ജീവന്‍ പണയപ്പെടുത്തി വിവരങ്ങള്‍ കൈമാറിയ താന്‍ ചതിക്കപ്പെട്ടു എന്നും ആരോപണം
October 10 07:33 2018 Print This Article

കോയമ്പത്തൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ വധിക്കുവാന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്. കോയമ്പത്തൂരിലെ വടവല്ലി സ്വദേശിനിയായ എം. ഷണ്‍മുഖപ്രിയ എന്ന യുവതിയാണ് ഇത്തരത്തില്‍ പോലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയത് ഇവരായിരുന്നു. ഇവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീരപ്പനെ കുടുക്കിയതും കൊലപ്പെടുത്തിയതും.

വീരപ്പന്റെ ആരോഗ്യം മോശമാണെന്നും കാഴ്ച്ചശക്തി കുറയുന്നുവെന്നുമുള്ള സുപ്രധാനപ്പെട്ട വിവരം പോലീസിന് ചോര്‍ത്തി നല്‍കിയതും ഷണ്‍മുഖപ്രിയ തന്നെയായിരുന്നു. ഇത്തരത്തില്‍ നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പനെ 2004ലാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത്. ആംബുലന്‍സ് തടഞ്ഞ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അക്കാലത്ത് നാല് മാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലീസിന് കൈമാറിയത്.

ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി തന്റെ ജീവന്‍ പോലും പണയം വച്ച് ലഭിച്ച വിവരങ്ങളാണ് നല്‍കിയതെന്നും വീരപ്പനെ പോലീസ് വധിച്ച ഘട്ടത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് പാഴ് വാക്കായി മാറുകയായിരുന്നു. തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് പരാതിയില്‍ അവര്‍ വ്യക്തമാക്കിയത്.

അതേസമയം, വീരപ്പനെ പിടികൂടുന്നതിന് നിരവധി പദ്ധതികള്‍ തങ്ങള്‍ ആസൂത്രമണം ചെയ്തിരുന്നുവെന്നും അതില്‍ ചിലതുമാത്രമാണ് ഫലം കണ്ടതെന്നും ഇത്തരത്തില്‍ ഒന്നില്‍ ഷണ്‍മുഖപ്രിയയും പങ്കെടുത്തിരുന്നുവെന്ന് ഐജി സെന്താമരൈ കണ്ണന്‍ പറഞ്ഞു. അവര്‍ വിലയേറിയ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനായി പ്രതിഫലം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ മുഖ്യമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഷണ്‍മുഖപ്രിയയുടെ പരാതി കൈമാറിയിരിക്കുകയാണ്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles