ലണ്ടന്‍: ഭീകരാക്രമണ ഭീഷണി ചെറുക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്തണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് വിദഗ്ദ്ധര്‍. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ യുകെയുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. തീവ്രവാദത്തെ നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബ്രെക്‌സിറ്റ് മൂലം സുപ്രധാന യൂറോപ്യന്‍ ഡേറ്റാബേസുകളിലും ഭീകരാക്രമണം സംബന്ധിച്ച അന്വേഷണങ്ങളിലും യുകെയ്ക്ക് സ്വാധീനമില്ലാതാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ യൂറോപ്യന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ യൂറോപോളില്‍ അംഗത്വം നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.

യൂറോപോള്‍ മുന്‍ തലവന്‍ മാക്‌സ് പീറ്റര്‍ റാറ്റ്‌സല്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സര്‍വീസ് മുന്‍ തലവന്‍ സര്‍ ഹ്യൂഗ് ഓര്‍ഡ് മുതലായ മുതിര്‍ന്ന പ്രതിരോധ വിദഗ്ദ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കോമണ്‍സ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ തലവനും ടോറി അംഗവുമായ ഡൊമിനിക് ഗ്രീവും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.