ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനു സമാനമായ കാലാവസ്ഥ യുകെയിൽ വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ ഈ ആഴ്‌ച കൂടുതൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. നേരത്തെ അറിയിച്ച മുന്നറിയിപ്പിൻെറ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ തണുപ്പ് കൂടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. ഇതോടെയാണ് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ഊർജബില്ല് ഒരുവശത്ത് കുതിച്ചുയരുകയാണ്. തുടർച്ചയായി തണുപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹീറ്റർ അനിവാര്യമാണ്. എന്നാൽ പ്രായമായവരും, പലവിധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് യുകെഎച്ച്എസ്എ അറിയിച്ചു. തണുപ്പിന് പുറമെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. WX ചാർട്ടുകൾ പ്രകാരം പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.

ചാർട്ട് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച ഉണ്ടാകാനുള്ള സാധ്യത 50 മുതൽ 70 ശതമാനം വരെയാണ്. സ്കോട്ട്ലൻഡിൽ ഇത് 80 മുതൽ 95 ശതമാനം ആണെന്നും ചാർട്ട് വ്യക്തമാക്കുന്നു. തെക്കൻ ഭാഗങ്ങളിൽ മഞ്ഞ് വീഴാനുള്ള സാധ്യത വളരെ കുറവാണ് (പ്രദേശങ്ങളിൽ 20 ശതമാനം സാധ്യത കാണുന്നു). മുന്നറിയിപ്പിനെ അവഗണിക്കരുതെന്നും, മുന്നോട്ടുള്ള കാലാവസ്ഥ ഇതിനെ ആശ്രയിച്ചിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ ജിം ഡെയ്ൽ പറഞ്ഞു.