ഇന്ത്യൻ ടീമിനോടുളള മലയാളികളുടെ സ്നേഹവും ക്രിക്കറ്റിനോടുളള അവരുടെ ആവേശവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നേരിട്ടനുഭവിച്ച് അറിഞ്ഞതാണ്. മലയാളി ക്രിക്കറ്റ് പ്രേമികൾ നൽകിയ ആവേശത്തിനും പിന്തുണയ്ക്കും കളിക്കളത്തിൽവച്ച് നന്ദി പറയാനും കോഹ്ലി മറന്നില്ല.
കോഹ്ലി കർക്കശക്കാരനാണെന്നാണ് പൊതുവേയുളള ധാരണ. എപ്പോഴും ഗൗരവം നിറഞ്ഞ കോഹ്ലിയുടെ മുഖഭാവമാകാം ആരാധകർക്കിടയിൽ ഈ തോന്നലുളവാക്കാൻ കാരണം. എന്നാൽ ഇന്ത്യൻ നായകന് മറ്റൊരു മുഖം കൂടിയുണ്ട്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവരിൽ ചിലർക്കെങ്കിലും കോഹ്ലിയുടെ മറ്റൊരു മുഖം കാണാൻ സാധിച്ചു.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ താരങ്ങളുമായി വാഹനം കടന്നുവരികയാണ്. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ത്യൻ താരങ്ങളെ വരവേൽക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തിൽനിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി.
കോഹ്ലിയാണ് അടുത്തതായി എത്തിയത്. പെട്ടെന്നാണ് കോഹ്ലിയുടെ കണ്ണുകൾ കുട്ടികളുടെ നേർക്ക് തിരിഞ്ഞത്. അതിൽ ഒരു കുട്ടി കോഹ്ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്ലി ഉടൻതന്നെ ഓട്ടോഗ്രാഫ് നൽകി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബ്രൗഷർ വാങ്ങി അതിൽ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികൾക്കെല്ലാം കൈ കൊടുത്തു. കുട്ടികൾ കൈയ്യിൽ പിടിച്ചിരുന്ന ബ്രൗഷർ വാങ്ങി വായിച്ചു. അത് കൈയ്യിൽ പിടിച്ചു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കോഹ്ലി അവിടെനിന്നും പോയത്.
കോഹ്ലിയുടെ ഈ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കോഹ്ലി മുത്താണെന്നും ഗ്രേറ്റ് ക്യാപ്റ്റനെന്നും പറഞ്ഞ് നിരവധി പേരാണ് വിഡിയോ കണ്ടശേഷം കമന്റ് ചെയ്തിരിക്കുന്നത്.
Leave a Reply