ടെഹ്റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻ സൈനിക വിന്യാസം ശക്തമാക്കി. 50ഓളം എഫ്-35 യുദ്ധവിമാനങ്ങൾ, എഫ്-22, എഫ്-16 എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക പോർവിമാനങ്ങളും സി-17 വിമാനങ്ങളിലൂടെ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് ഈ നടപടികളെ വിലയിരുത്തുന്നത്.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഇറാൻ സമീപ ജലാതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുഎസ്എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഈജിപ്തിലെ സൂയസ് കനാൽ വഴി മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫ് മേഖലയിൽ സജീവമാണെന്നും വ്യക്തമാക്കുന്നു.
കരാറിലേക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയത്. മറുപടിയായി അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി യുടെ പ്രതികരണം. ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസം നടത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷസാധ്യതകൾ ഉയർന്നിരിക്കുകയാണ്.











Leave a Reply