ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ മെനിംജൈറ്റിസ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നൽകുന്ന വിവരമനുസരിച്ച് കേസുകളുടെ എണ്ണം 29ൽ നിന്ന് 34 ആയി ഉയർന്നു. ഇതിൽ 23 കേസുകൾ ലബോറട്ടറിയിൽ സ്ഥിരീകരിച്ചവയും 11 എണ്ണം അന്വേഷണത്തിലാണ്. രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനകം 8,002 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് രണ്ട് യുവാക്കൾ മരിച്ചതും ആശങ്ക വർധിപ്പിരുന്നു.

രോഗത്തെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ ക്യൂവിൽ നിന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ കേന്ദ്രത്തിൽ രാവിലെ 5 മണിക്ക് എത്തിയ അന്യ ട്രിക്കറ്റ് ആദ്യമായി ക്യൂയിൽ നിന്നതായി പറഞ്ഞു. മുൻദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചതിനെ തുടർന്ന് ഈ തവണ നേരത്തെ എത്തുകയായിരുന്നുവെന്ന് അവൾ പറഞ്ഞു. രോഗഭീതിയുടെ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കുന്നത് അനിവാര്യമാണെന്ന് നിരവധി വിദ്യാർത്ഥികളും പ്രതികരിച്ചു.

മാർഗേറ്റ്, കാന്റർബറി, ഫേവർഷം, ആഷ്ഫോർഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ചു വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്. കൂടാതെ 12,157 പേർക്ക് മുൻകരുതലായി ആന്റിബയോട്ടിക്കുകളും നൽകിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. നാല് സ്കൂളുകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം നിമിത്തം സർവകലാശാലയും സ്കൂൾ അധികൃതരും വലിയ മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ വേഗത്തിലുള്ള ഇടപെടലിൽ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.











Leave a Reply