കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ നിർണായക തെളിവുകൾ പുറത്തുവിട്ടു. ഫണ്ടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബസഹായനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ സിപിഎം ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകളിൽ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2018 ജൂലൈ 9-നാണ് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്ന് തുക മാറ്റിയതെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഭവനനിർമ്മാണത്തിനായി പണം ചെലവഴിച്ചതായി കള്ളരേഖ തയ്യാറാക്കിയെന്നും, ഈ വിഷയത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഫണ്ടിൽ യാതൊരു തരത്തിലുമുള്ള തിരിമറിയും നടന്നിട്ടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദത്തെ ഈ രേഖകൾ തള്ളിക്കളയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പുറത്തുവിട്ട രേഖകൾ പയ്യന്നൂരിലെ ജനങ്ങൾ ഗൗരവമായി വിലയിരുത്തുമെന്ന് വി കുഞ്ഞികൃഷ്ണൻ വിശ്വാസം പ്രകടിപ്പിച്ചു. പാർട്ടിയെയും അനുഭാവികളെയും വഞ്ചിക്കുന്ന തരത്തിലുള്ള ധനാപഹരണമാണ് നടന്നതെന്നും, സത്യങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.











Leave a Reply