കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്കു പിന്നിൽ നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് ആരോപിച്ച് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അവിഹിതബന്ധ ആരോപണങ്ങൾ ടിനി ടോം പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നതുകൊണ്ടല്ലേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും നടി ചോദിച്ചു.
‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായതായും അൻസിബ വെളിപ്പെടുത്തി. നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നതായി അവർ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയതായും പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും എന്നാൽ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും നടി വ്യക്തമാക്കി.
താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസ്സൻ അടുത്തിടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിക്കുകയായിരുന്നുവെന്നും ശ്വേത പ്രതികരിച്ചു.











Leave a Reply