തിരുവനന്തപുരം: എ.എൻ. ഷംസീറിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം വർഗീയതയ്ക്ക് വളംവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഷംസീർ മുസ്ലിം ലീഗിന്റെ ശബ്ദമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതേ നിലപാടിന്റെ ഭാഗമാണെന്നും സിപിഎം വിമർശിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിച്ച് സാമൂഹിക മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയിലെ നേതാക്കളെയും പ്രവർത്തകരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന സമീപനം പ്രതിഷേധാർഹമാണെന്നും സിപിഎം വ്യക്തമാക്കി.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ എസ്എൻഡിപി യോഗം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനം ഉയർത്തിപ്പിടിച്ചാണ് സംഘടന പ്രവർത്തിച്ചിരുന്നത്. അത്തരമൊരു സംഘടനയുടെ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് ഇപ്പോഴുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം നടത്തിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സാണെന്നുമായിരുന്നു പരാമർശം. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ത്യാഗങ്ങൾ സഹിച്ചാണ് ഉയർന്നുവന്നതെങ്കിൽ ഷംസീർ എളുപ്പത്തിൽ നേതാവായെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നേരത്തെയുള്ള വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ സിപിഎം സമയത്ത് തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകന്നെന്നും പാർട്ടി സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു.