സെപ്റ്റംബറിൽ മഴയ്ക്ക് പകരം കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ പല ജില്ലകളിലും ശരാശരിയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസിലേറെ താപനില ഉയർന്നു. പുലർച്ചെയുള്ള ചൂടിലും വർധനയുണ്ട്. 75 മുതൽ 90 ശതമാനം വരെയുള്ള ഉയർന്ന ഈർപ്പം കൂടിയായതോടെ പകൽസമയത്തെ ചൂട് കൂടുതൽ അസഹനീയമായി. ശനിയാഴ്ച പുനലൂരിൽ 36 ഡിഗ്രി സെൽഷ്യസിലേറെ രേഖപ്പെടുത്തിയപ്പോൾ ശരാശരിയേക്കാൾ 4.7 ഡിഗ്രി അധികമായിരുന്നു. പാലക്കാട്ട് 34.4 ഡിഗ്രിയും രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില 32 ഡിഗ്രിക്ക് മുകളിലായിരുന്നു.

സെപ്റ്റംബർ 30 വരെ തെക്കുപടിഞ്ഞാറൻ കാലവർഷം തുടരുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ നിലവിലില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ശക്തമായ എൽനിനോ പ്രതിഭാസമാണ് പ്രധാന കാരണങ്ങളിലൊന്ന്. ഈ മാസം 23ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നതോടെ സൂര്യരശ്മികളുടെ തീവ്രതയും വർധിക്കും. തെളിഞ്ഞ ആകാശം കൂടിയാകുമ്പോൾ ചൂട് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കാലവർഷത്തിൽ ഇതുവരെ 1806.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1371.6 മില്ലീമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. 500 മുതൽ 600 മെഗാവാട്ട് വരെ അധിക ഉപയോഗം ഉണ്ടാകാനിടയുണ്ട്. രാജ്യത്ത് വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചുകളിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഇതോടെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.