കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് രൂക്ഷ വിമർശനം. പാർട്ടിയുടെ തെറ്റുതിരുത്തൽ നിർദേശങ്ങൾ സമഗ്രമല്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ വേണ്ടവിധം ചൂണ്ടിക്കാട്ടുന്നില്ലെന്നും അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വന്തം ഭാഗത്തെ വീഴ്ചകളിൽ ആവശ്യമായ സ്വയംവിമർശനം നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും തലയിൽ മാത്രം ചുമത്തുന്ന രീതിയിലാണ് റിപ്പോർട്ടെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ സംബന്ധിച്ചും റിപ്പോർട്ടിൽ വ്യക്തമായ വിലയിരുത്തലില്ലെന്നാണ് വിമർശനം. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ പരാജയങ്ങളെ പ്രത്യേകം പരാമർശിക്കാതെ സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയെക്കുറിച്ച് പൊതുവായ പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും അംഗങ്ങൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിപിഎം വിശാല സംസ്ഥാന സമിതിയുടെ ഇന്നത്തെ ചർച്ചയിലാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്. അഞ്ച് ജില്ലകളിൽനിന്നുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തവും കൃത്യമായി പരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കണ്ണൂർ വിഭാഗം ആവശ്യപ്പെട്ടു. വിശാല സംസ്ഥാന സമിതിയിലെ ഇന്നത്തെ ചർച്ച ഇതോടെ പൂർത്തിയായി.