കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂണാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത് കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതോടെ, മുൻപും നിരവധി തവണ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് വ്യക്തമായതായി എക്സൈസ് അറിയിച്ചു. ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും ഓരോ തവണയും ഏകദേശം 10,000 രൂപ ലഭിച്ചിരുന്നതായും യുവതി മൊഴി നൽകിയെന്നാണ് വിവരം.
കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കും. പിടിയിലായ യുവതിയെ കോടതിയിൽ ഹാജരാക്കും.











Leave a Reply