ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ/എറണാകുളം: ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ കുളു–മണാലിയിലേക്ക് പോയ മുൻ യുകെ മലയാളി ദമ്പതികൾക്ക് ദുരന്തം. ബെഡ്ഫോർഡിൽ താമസിച്ചിരുന്ന അക്ഷര ജോസ് (28)യും ഭർത്താവ് സാബിൻ മാത്യു കുര്യനും (33) സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് സാബിൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷര ചികിത്സയിലാണ്. 2025 സെപ്റ്റംബർ 15നായിരുന്നു ഇരുവരുടെയും വിവാഹം. വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 12നാണ് കുളു–മണാലിയിലേക്ക് യാത്ര തിരിച്ചത്.

സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് കുളുവിലെ ജിബി–സോജാ ലിങ്ക് റോഡിലായിരുന്നു അപകടം. സോജയിൽനിന്ന് ജിബിയിലേക്ക് പോകുന്നതിനിടെ വാടകയ്ക്കെടുത്ത ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി ആഴമേറിയ ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു. സാബിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അക്ഷരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കോതമംഗലം നെല്ലിമറ്റം കാട്ടുവള്ളിയിൽ കെ.വി. ജോസിന്റെയും ഷെൽബി ജോസിന്റെയും മകളാണ് അക്ഷര. യുകെയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം ബെഡ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. പെരുമ്പാവൂർ അല്ലപ്ര ചീനിക്കുഴി കണ്ടനാടൻ വീട്ടിൽ കുര്യാക്കോസിന്റെയും സാലിക്കുട്ടിയുടെയും മകനാണ് സാബിൻ. എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം റെയിൽവേയിൽ ട്രാക്ക് മെയിന്റനൻസ് ജീവനക്കാരനായിരുന്നു. അക്ഷരയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായും ബന്ധുക്കൾ അറിയിച്ചു. സാബിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.











Leave a Reply