ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സംശയാസ്പദ സാഹചര്യത്തിൽ അറസ്റ്റിലായ അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ പൊലീസ് ജാമ്യത്തിൽ വിട്ടു. ലണ്ടൻ സ്വദേശികളായ ഇരുപത് വയസ്സ് പ്രായമുള്ള ഇവരെ ഞായറാഴ്ച പുലർച്ചെയാണ് ഗ്ലോസ്റ്റർഷെയറിലെ വെൽഫോർഡിൽ മൂന്ന് വാനുകളുമായി കണ്ടെത്തിയത്. സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റവും ഭീകരപ്രവർത്തനത്തി ന് തയ്യാറെടുത്തെന്ന സംശയവുമാണ് ഇവർക്കെതിരെ ഉയർന്നത്. എന്നാൽ വാനുകളിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണ് പിന്നീട് വ്യക്തമായത്.

സംഭവത്തിൽ ഇറാൻ ബന്ധമുണ്ടോയെന്നും വിദേശ ശക്തികൾക്കുവേണ്ടി ഇവർ പ്രവർത്തിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 23 വയസ്സുള്ള ഒരാളും 24 വയസ്സുള്ള മൂന്ന് പേരും 25 വയസ്സുള്ള ഒരാളുമാണ് അറസ്റ്റിലായത്. സംശയാസ്പദമായി പെരുമാറിയ ഇവരെ ഒരു കർഷകയാണ് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാനുകൾക്ക് ചുറ്റും 400 മീറ്റർ സുരക്ഷാ വലയം തീർത്ത് ബോംബ് നിർവീര്യമാക്കൽ സംഘത്തിന്റെ റോബോട്ടുകളെ ഉപയോഗിച്ച് പരിശോധന നടത്തി. സമീപത്തെ ഗ്രാമത്തിലെ 85 കുടുംബങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.

യുകെ ഭീകരവിരുദ്ധ പൊലീസ് മേധാവി ലോറൻസ് ടെയ്‌ലർ അന്വേഷണം തുടരുകയാണെന്നും കർശന നിബന്ധനകളോടെയാണ് അഞ്ചുപേരെയും ജാമ്യത്തിൽ വിട്ടതെന്നും അറിയിച്ചു. സംഭവത്തിൽ വിദേശരാജ്യത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടൽ ഉൾപ്പെടെ വിവിധ സാധ്യതകൾ പരിശോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ആർഎഫ് ഫെയർഫോർഡിനെതിരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ജൂലൈയിൽ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ സംഭവത്തിൽ ഇറാന് യാതൊരു പങ്കുമില്ലെന്ന് ലണ്ടനിലെ ഇറാൻ എംബസി നിഷേധിച്ചു.











Leave a Reply