കൊച്ചി ∙ ജോലി തേടിയെത്തിയ യുവതിയെ ലഹരി കലർത്തിയ ഐസ്ക്രീം നൽകി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കളമശേരിയിലെ സ്പായുമായി ബന്ധപ്പെട്ട കേസിൽ യുവതിയെ കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയായ അമ്മുവാണെന്ന് ഭർത്താവ് പറഞ്ഞു. സംഭവത്തിൽ സ്പാ നടത്തിപ്പുകാരൻ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ അറസ്റ്റിലായി. വയനാട് സ്വദേശിനിയായ അമ്മുവും സഞ്ജുവുമാണ് ഇനി പിടിയിലാകാനുള്ളത്.
ഒഎൽഎക്സിൽ കണ്ട സ്പായിലെ മാനേജർ ജോലി ഒഴിവിന്റെ അടിസ്ഥാനത്തിലാണ് യുവതി അഭിമുഖത്തിനായി എത്തിയത്. അവിടെ ബിയറും ഐസ്ക്രീമും നൽകിയെന്നും ഐസ്ക്രീമിൽ ലഹരി കലർത്തി ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം തടയുകയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ബിയർ കുപ്പി പൊട്ടിച്ച് സ്വയം കുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതിയെ സംഘം വിട്ടയച്ചതെന്നാണ് വിവരം. വീട്ടിലെത്തിയ യുവതിയെ ഗുരുതര പരുക്കുകളോടെയാണ് ഭർത്താവ് കണ്ടെത്തിയത്. നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യനില മെച്ചപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.











Leave a Reply