ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണ’യുടെ ആദ്യ ഭാഗം റിലീസിനൊരുങ്ങുന്നു. 2026 നവംബർ 5ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വമ്പൻ താരനിരയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളും ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് ഓസ്കർ പുരസ്കാരങ്ങൾ നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്ഥാപനമായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ട ദൃശ്യങ്ങളും സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിതരണത്തിന്റെ ചുമതല സോണി പിക്ചേഴ്സിനാണ്. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിക്കും.
ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളാണ് രാമായണയിൽ അണിനിരക്കുന്നത്. ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതാദേവിയുടെ വേഷം സായ് പല്ലവിയാണ് അവതരിപ്പിക്കുന്നത്. രാവണനായി യഷ് വേഷമിടുന്നു. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും, പഴയ ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും എത്തുന്നു. ഇതിഹാസകഥയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ ദൃശ്യവിസ്മയമായി അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.











Leave a Reply