ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈനിലൂടെ വശീകരിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായ പ്രവൃത്തികൾക്ക് നിർബന്ധിക്കുകയും ചെയ്ത 20കാരന് ബ്രിട്ടനിൽ 14 വർഷവും ആറുമാസവും തടവുശിക്ഷ. ഇംഗ്ലണ്ടിലെ സണ്ടർലാൻഡ് സ്വദേശിയായ ബ്യൂ-ജാക്ക് മെൻസ്‌ഫോർത്ത് എന്ന യുവാവിനെയാണ് ന്യൂകാസിൽ ക്രൗൺ കോടതി ശിക്ഷിച്ചത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതടക്കം 17 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. പെൺകുട്ടികളെ സ്വയം മുറിവേൽപ്പിക്കാനും ശരീരത്തിൽ ഇയാളുടെ പേര് മുറിവുകളിലൂടെ എഴുതാനും വളർത്തുമൃഗങ്ങളെ ഉപദ്രവിക്കാനും നിർബന്ധിച്ചതായി കോടതി കണ്ടെത്തി. കണക്കുകൂട്ടി പ്രവർത്തിക്കുന്ന ലൈംഗിക ചൂഷകനും ഭീഷണിപ്പെടുത്തുന്നയാളുമാണ് പ്രതിയെന്ന് ശിക്ഷ വിധിച്ച ജഡ്ജി നിരീക്ഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ‘ദ കോം’ എന്ന ആഗോള ഓൺലൈൻ സംഘത്തിന്റെ ഭാഗമായിരുന്നു മെൻസ്‌ഫോർത്ത്. ‘യൂരി’ എന്ന പേരിലാണ് ഇയാൾ ഓൺലൈനിൽ പ്രവർത്തിച്ചിരുന്നത്. ആവശ്യങ്ങൾ അനുസരിച്ചില്ലെങ്കിൽ പെൺകുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്നും അവരുടെ വീടുകളിലേക്ക് സായുധ പൊലീസിനെ എത്തിക്കുന്ന തരത്തിൽ വ്യാജ അടിയന്തര പരാതികൾ നൽകുമെന്നും ഭീഷണിപ്പെടുത്തി. ‘ഡോക്സിങ്’, ‘സ്വാറ്റിങ്’ എന്നീ സൈബർ ആക്രമണ രീതികളാണ് ഇതിനായി ഉപയോഗിച്ചത്. കേസിൽ യുഎസ്, ഗ്രീസ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കം ഒൻപത് പെൺകുട്ടികളാണ് ഇരകളായത്. ഇതിൽ മൂന്നുപേർ ബ്രിട്ടീഷുകാരാണ്. വിചാരണയ്ക്ക് പുറത്ത് മുപ്പതിലധികം ഇരകളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതിയുടെ ക്രൂരതകൾ തങ്ങളുടെ ജീവിതത്തെ ആഴത്തിൽ മുറിവേൽപ്പിച്ചെന്നും സാധാരണ ബാല്യം നഷ്ടപ്പെടുത്തിയെന്നും ഇരകൾ കോടതിയിൽ വെളിപ്പെടുത്തി. ചിലർ മാനസിക ചികിത്സ തേടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതായി മൊഴി നൽകി. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് 12 വയസ്സുള്ളപ്പോഴാണ് പ്രതിയുമായി പരിചയമുണ്ടായത്. സംഭവങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ആഘാതം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ നോർതുംബ്രിയ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റീവ് ബ്രൗൺ, കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കൾ പതിവായി നിരീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. സ്വഭാവത്തിലോ പെരുമാറ്റത്തിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, മുറിയിൽ ഒറ്റയ്ക്കിരിക്കാൻ താൽപര്യം കാണിക്കൽ, ഉപകരണങ്ങൾ മറ്റുള്ളവരിൽനിന്ന് മറച്ചുവയ്ക്കൽ, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയവ കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയാകുന്നതിന്റെ സൂചനകളാകാമെന്നും അദ്ദേഹം പറഞ്ഞു.