ജോസ്ന സാബു സെബാസ്റ്റ്യൻ

സാരിയുടുത്ത നമ്മളെ കണ്ടപ്പോൾ So pretty എന്ന് പറഞ്ഞതാണോ അവർ ചെയ്ത തെറ്റ്?
പൊട്ടുകുത്തിയ നമ്മളെ കണ്ടപ്പോൾ You looking amazing എന്ന് പുകഴ്ത്തിയതാണോ അവർ ചെയ്ത തെറ്റ്? അതോ പർദ്ദയിട്ട നമ്മളെ കണ്ടപ്പോൾ Welcome എന്ന് പറഞ്ഞതാണോ നമുക്ക് മനസ്സിലാവാതെ പോയത്?

എന്നാൽ അറിഞ്ഞോ അവർ പറഞ്ഞത് അവരുടെ ഡിസെൻസി ആയിരുന്നു. മുഖത്തുനോക്കി ആരെയും വേദനിപ്പിക്കാനോ മുറിപ്പെടുത്താനോ അവർ പഠിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാത്തിനും Well done,very good എന്നൊക്കെ പറഞ്ഞിരുന്നത്. എന്തിനേറെ ക്ലാസിൽ തോറ്റ കുട്ടിയോടും അവർ പറയും you did well…

എന്നാൽ നാം അതിനെ വായിച്ചതോ?
അവർക്കിതൊന്നും ആവില്ല അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെ നമ്മുടെ ഉള്ളിൽ അഹങ്കാരം വളർന്നു. അവരെ നാം നമ്മെ കൂടുതൽ കൂടുതൽ കാണിക്കാൻ തുടങ്ങി. അവരുടെ നന്മയെ നാം നമ്മുടെ വലിപ്പത്തിന്റെ കണ്ണാടിയാക്കി.

ഓർമ്മയുണ്ടോ, ബ്രിട്ടീഷുകാരിൽ നാം കണ്ട ആ പഴയ ദിവസങ്ങൾ?
പിന്നാമ്പുറത്തെ ചെറിയ പൂന്തോട്ടം. ഒരു മൂലയിൽ, ചെറിയ കുടുംബസംഗമങ്ങളായി ഒത്തുകൂടിയ സായാഹ്നങ്ങൾ. സർക്കസിനും കാർണിവലിനും ചെറിയ കൂട്ടങ്ങളായി പോയ നാളുകൾ. സ്കൂളിലെ കായികമേളയിൽ ഒരാൾ ജയിച്ചാൽ അത് അവന്റെ മാത്രം വിജയമായി കാണാതെ, ഒരു ഹൗസിന്റെ മൊത്തം വിജയമായി, എല്ലാവരുടെയും വിജയമായി ആഘോഷിച്ച ആ മനസ്സ്.

സ്കൂളിൽനിന്ന് വീട്ടിലേക്ക് പറഞ്ഞുവിടുമായിരുന്നു, നാളെ വരുമ്പോൾ 25 പി കൊണ്ടുവരണം. വെറുതെയല്ല. ആ ചെറിയ തുകയ്ക്ക് നമ്മുടെ കൊച്ചിന് ഒരു ചെറിയ കപ്പ് കേക്ക് കിട്ടും. കൊച്ചിന് സന്തോഷമാകും. എന്നാൽ നമ്മളിൽ പലരും അത് കൊടുത്തുവിടാൻ തയ്യാറായില്ല…അങ്ങനെ അവരിപ്പോൾ സമ്പന്നൻ ആകേണ്ട എന്ന് നമ്മൾ വിചാരിച്ചു. പക്ഷേ ആ പൈസ മേടിച്ചത് അവർക്ക് കേക്ക് വിറ്റുതീർക്കാനായിരുന്നില്ല. സ്കൂളിനെ താങ്ങാനായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാനായിരുന്നു. അതിലൂടെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് നമ്മുടെ കൂടെ കുട്ടികളെ പഠിപ്പിക്കാനായിരുന്നു.

ഓർമ്മയുണ്ടോ സ്ലീപ്പോവർ ദിനം?
ഒരു ഷീറ്റിൽ നിലത്തുറങ്ങണം. കിടക്കയില്ല. തലയിണയില്ല. വീടിന്റെ സുഖമില്ല.
എന്തിന്? വീടില്ലാത്ത കുട്ടികളുടെ വേദന നമ്മുടെ കുട്ടിയും ഒന്ന് അനുഭവിച്ചറിയാൻ. നിലത്ത് കിടന്നുറങ്ങുമ്പോൾ, തണുക്കുമ്പോൾ ഇതൊന്നും ഇല്ലാത്തവർ എത്രമാത്രം സഹിക്കുന്നുണ്ടാകും എന്ന് ഹൃദയത്തിൽ തൊട്ടറിയാൻ. അത് പുസ്തകത്തിലെ പാഠമായിരുന്നില്ല. ജീവിതത്തിലെ പാഠമായിരുന്നു.

ഓർമ്മയുണ്ടോ പാറ്റ്സി ദിനം?
ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഒരു ദിവസം. അന്ന് നമ്മുടെ കുട്ടികൾ പൈജാമ ഇട്ട് സാധാരണ പോലെ പോകും..അങ്ങനെ കുട്ടികൾ അവരോടൊപ്പം കളിക്കും. അവരെ മനസ്സിലാക്കാൻ ശ്രമിക്കും. അവർക്ക് എന്ത് ബുദ്ധിമുട്ടുണ്ട്, എന്ത് സഹായം വേണം, അവരും നമ്മളെപ്പോലുള്ള കുട്ടികളാണ് എന്ന് തിരിച്ചറിയും. അത് സഹതാപമായിരുന്നില്ല. സഹജീവനമായിരുന്നു. ഒരു കുട്ടിയും ഒറ്റപ്പെടരുത് എന്ന ബോധമായിരുന്നു.

സ്പോർട്ട്സ് ദിനത്തിൽ സ്കൂളിലെ കുട്ടികളെ പല ഹൗസുകളായി തിരിക്കും. ഓരോ ഹൗസിനും വിശുദ്ധരുടെ പേരുകൾ. കായികമേളയിൽ ഓരോ ഹൗസും മത്സരിക്കും. പക്ഷേ, ഒരാൾ ഓടി ജയിച്ചാൽ ആ വിജയം ആ ഹൗസിന്റെ മുഴുവൻ വിജയമാണ്. ഒരാൾ ജയിച്ചാൽ എല്ലാവരും ആഘോഷിക്കും. ഒരാൾ തോറ്റാൽ എല്ലാവരും തോറ്റതുപോലെ.
അതാണ് പങ്കുവയ്ക്കൽ. അതാണ് ഒരുമ.
വ്യക്തിപരമായ ജയം മാത്രമല്ല, കൂട്ടായ ജയം എന്നത് വലുതാണ് എന്ന പാഠം.

അതെ, അതായിരുന്നു ബ്രിട്ടീഷ് സംസ്കാരം. അതായിരുന്നു ഇംഗ്ലീഷ് സംസ്കാരം.
വലിയ സമ്പത്തിന്റെ പ്രദർശനമല്ല. ചെറിയ കുടുംബസംഗമങ്ങളും ഒരു ചെറിയ പങ്ക് ഫിഷ് ആൻഡ് ചിപ്സും കൊണ്ട് ബന്ധങ്ങൾ കെട്ടിപ്പടുത്ത സംസ്കാരം.

റേസിംഗ് കാർ ഷോകളും സിനിമാതാരങ്ങളുടെ പരിപാടികളും അവർ നടത്തിയത് ടിക്കറ്റിന് നല്ല വിലയിട്ടുകൊണ്ടായിരുന്നു. അതെ, ചിലത് വളരെ വിലകൂടിയതും, ചിലത് സൗജന്യവും ചെലവുകുറഞ്ഞതുമായി എല്ലാവർക്കും ലഭിക്കണം എന്ന് പഠിപ്പിക്കാനായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അവർ പഠിച്ചതാണിതൊക്കെ.
കുടുംബത്തിന്റെ വില. ക്ഷമയുടെ വില. കരുണയുടെ വില. അച്ചടക്കത്തിന്റെ വില. ബഹുമാനത്തിന്റെ വില.
അതുകൊണ്ടാണ് ലോകത്തിന്റെ എല്ലാ മൂലയിൽനിന്നും വന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുൾപ്പെടെ അവർ പാർട്ണർ വിസ കൊടുത്തത്. കുടുംബമായി ജീവിക്കുന്നതിന് അത്രയേറെ വില അവർ കൊടുത്തിരുന്നു.
നമ്മുടെ കുട്ടികൾക്ക് സ്കൂൾ ഭക്ഷണം, ആശുപത്രി, ഇങ്ങനെ പലതും അവർ സൗജന്യമായി നൽകി. അവരുടെ ലാഭം അവർ നമ്മുടെ കുട്ടികളുമായി പങ്കിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെ, ലോകത്തിന്റെ നാനാമൂലയിൽനിന്നും വന്ന നമ്മളിൽ പലർക്കും അവർ നൽകിയത് വെറും വിസയായിരുന്നില്ല, ഒരു ജീവിതം തന്നെയായിരുന്നു. NHS ന്റെ സൗജന്യ ചികിത്സ, sick leave, maternity leave, benefits, സ്കൂൾ, ആശുപത്രി എല്ലാം അവർ നമുക്കുമുന്നിൽ തുറന്നുവച്ച സ്നേഹത്തിന്റെ വാതിലുകളായിരുന്നു. പക്ഷേ നമ്മളിൽ പലരും ആ വാതിലിലൂടെ അവകാശത്തോടെ കയറി, അതിനെ ചൂഷണത്തിന്റെ വഴിയാക്കി. ഇന്ത്യയിലും UAEയിലും ഗർഭധാരണം പോലും ഒരു ഉത്തരവാദിത്വത്തോടെ നിയന്ത്രിച്ചിരുന്ന നമ്മൾ, ഇവിടെയെത്തിയപ്പോൾ അതിനെ നിയന്ത്രണമില്ലാത്ത അവകാശമാക്കി. അവർ നൽകിയത് സമ്മാനം…

എന്നാൽ നാം എന്താണ് ചെയ്തത്?

നാം ആ സംസ്കാരത്തെ തകർത്തു. കഷണം കഷണമായി.
അതിഥികളായി വന്ന നാം, പിന്നീട് അവകാശികളെപ്പോലെ പെരുമാറി.
നന്ദി മറന്നു. അച്ചടക്കം മറന്നു. ബഹുമാനം മറന്നു. നാം വീണ്ടും മത്സരം തുടങ്ങി.

നമ്പർ മാത്രമുണ്ടായിരുന്ന വീടുകൾക്ക് നമ്മൾ നമ്മുടെ വീട്ടുപേര് വച്ചുപിടിപ്പിച്ചു.
മേടിച്ച കാറിന് നമ്മുടെ പേരും നമ്പർ പ്ലേറ്റും നൽകി, അതിനെ അഹങ്കാരത്തിന്റെ മുദ്രയാക്കി. കുട്ടികളെ ഗ്രാമർ സ്കൂളിൽ വിടാനുള്ള മത്സരം.സ്കൂളിൽ പറ്റാത്തതൊക്കെ സ്വയം ട്യൂഷനും സൊസൈറ്റിയും ഉണ്ടാക്കി, നമ്മുടെ മക്കളെ കോമ്പറ്റീഷൻ പഠിപ്പിച്ചുകൊടുത്തു.

നമ്മുടെ കുട്ടികൾ സ്കൂളിൽ കാണുന്നത് ഷെയറിങ് സംസ്കാരം. വീട്ടിലും കമ്മ്യൂണിറ്റിയിലും കാണുന്നത് ഞാൻ, എന്റെ, എന്റെ മാത്രം എന്ന സംസ്കാരം.
കുട്ടികൾക്ക് തന്നെ ആകെ കൺഫ്യൂഷൻ.
അതാണ് നാം പഠിപ്പിച്ചുകൊടുത്തത്.

സ്നേഹം പങ്കിടേണ്ടിടത്ത് അഹങ്കാരം പങ്കിട്ടു. ഒരുമിച്ച് നിൽക്കേണ്ടിടത്ത് ഒറ്റയ്ക്ക് ജയിക്കാൻ തുടങ്ങി.
പക്ഷേ മനുഷ്യരാകാൻ പഠിപ്പിച്ചില്ല.
പങ്കിടാൻ പഠിപ്പിച്ചില്ല.
നന്ദി പറയാൻ പഠിപ്പിച്ചില്ല.
ബഹുമാനിക്കാൻ പഠിപ്പിച്ചില്ല.

ഇത് ഈ സംസ്കാരത്തോട് നമ്മൾ ചെയ്ത വഞ്ചനയാണ്. ബ്രിട്ടീഷ് സംസ്കാരത്തെയും ഇംഗ്ലീഷ് സംസ്കാരത്തെയും നാം വെറുതെ ഉപയോഗിച്ചു, ആഘോഷിച്ചു, എന്നിട്ട് തകർത്തു കളഞ്ഞു..
സൗജന്യ സ്കൂളും ആശുപത്രിയും കിട്ടിയപ്പോൾ അത് അവകാശമായി കണ്ടു.
അതിന് പിന്നിൽ ഉള്ള കരുണയും അച്ചടക്കവും നാം മറന്നു.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുത്തതിനെ പലതും നാം സ്വന്തം പ്രദർശനത്തിനുള്ള വേദിയാക്കി.

ഇത് നാം സ്വന്തം കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.
നാം അവർക്ക് നൽകേണ്ടത് സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പാഠമായിരുന്നു. പകരം നൽകിയത് മത്സരത്തിന്റെ വിഷവും അഹങ്കാരത്തിന്റെ ഭാരവും. അവർ ഇന്ന് സമ്മർദത്തിലാണ്. ഏകാന്തതയിലാണ്. എന്തും എനിക്ക് മാത്രം എന്ന ചിന്തയിലാണ് അവർ വളരുന്നത്. അതിന്റെ ഉത്തരവാദി നാമാണ്.

സമയം കുറവാണ്. ഇനിയും വൈകിയാൽ, നമ്മുടെ കുട്ടികൾക്ക് നൽകാൻ നമ്മുടെ കൈയിൽ ഒന്നുമുണ്ടാകില്ല…
ആ ചെറിയ ഒരു കപ്പ് കേക്കിന്റെ നന്മപോലും….

അതുകൊണ്ട് ഉണരുക.
ഇത് വെറും വിമർശനമല്ല, ഇത് മുന്നറിയിപ്പാണ്. മത്സരിക്കുന്നതിനുമുമ്പ് മനുഷ്യരാകുക. ജയിക്കുന്നതിനുമുമ്പ് പങ്കിടുക. സ്വന്തം പേര് ഉയർത്തുന്നതിനുമുമ്പ് മറ്റുള്ളവരുടെ കൈ പിടിക്കുക.

ബ്രിട്ടീഷ് ഇംഗ്ലീഷ് സംസ്കാരം നമ്മെ സ്നേഹിച്ചു. അതിനെ നാം നശിപ്പിക്കരുത്.
നമ്മുടെ കുട്ടികൾക്കുവേണ്ടിയെങ്കിലും, ഈ സംസ്കാരത്തെ രക്ഷിക്കുക.
ഇനിയും വൈകിയിട്ടില്ല..