ജനാധിപത്യത്തില്‍ പ്രകടനങ്ങള്‍ നടത്താനുള്ള അവകാശം മറ്റുള്ളവരുടെ മനുഷ്യാവകാശ ലംഘനമായി മാറരുതെന്ന് ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞത് ദിവസം കോട്ടയത്തുണ്ടായ അതീവ ദു:ഖകരമായ സംഭവം അതിനു ഉദാഹരണമാണ്. എല്ലാ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടേതായ ശക്തി പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് ഗതാഗത തടസ്സത്തിനും അതുവഴി മനുഷ്യ ജീവന്റെ തന്നെ നഷ്ടത്തിനും കാരണമാകുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്ത സംഘടനകളും അതിന്റെ നേതാക്കളും ജനാധിപത്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റു മനുഷ്യരുടെ ജീവിയ്ക്കാനുള്ള അവകാശം ലംഘിച്ചു എന്ന കാരണത്താല്‍ ഈ സംഘടനയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു.

ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ച കാര്യങ്ങളല്ല കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ ശ്രമിയ്ക്കാതിരിക്കുകയും അതു വഴി ആ കുഞ്ഞു കുട്ടിയുടെ ജീവന്‍ സംരക്ഷിയ്ക്കാന്‍ കഴിയാതെ ഇരിക്കുകയും ചെയ്ത ട്രാഫിക് പോലീസ് അധികാരികളും ഇതില്‍ കുറ്റക്കാരാണെന്ന് ആം ആദ്മി പാര്‍ട്ടി കാണുന്നു. അവര്‍ക്കെതിരേ നടപടിയുണ്ടാവേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരെ തല്ലിയോടിക്കാനും, അവര്‍ക്കെതിരേ മര്‍ദ്ദം അഴിച്ചു വിടാനും, ജയിലിലടയ്ക്കാനും വലിയ താല്‍പര്യം കാണിയ്ക്കുന്ന പോലീസ് സംവിധാനം ഇത്തരം മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇടപെടുന്നില്ല എന്നത് അപമാനകരമാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പൗരാവകാശങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കണം എന്നു വിശ്വസിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി പൊതുഗതാഗതത്തെയോ ജനജീവിതത്തെയോ ബാധിയ്ക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകള്‍ പ്രകടനങ്ങള്‍ എന്നിവയുടെ ഭാഗമാകില്ല എന്നു പ്രഖ്യാപിയ്ക്കുന്നു. ഇതുവരെ തുടര്‍ന്നു വന്ന രീതിയിലുള്ള പാതയോരം ചേര്‍ന്നുള്ള ഒറ്റവരി പ്രകടനങ്ങളും ഹര്‍ത്താല്‍, ബന്ദ് എന്നിവയോടുള്ള നിഷേധ നിലപാടുകള്‍ എന്നിവയില്‍ അടിയുറച്ച് നില്‍ക്കുന്നതുമാണെന്ന് അറിയിച്ചു കൊള്ളുന്നു. പൊതുജീവിത്തെ ബാധിയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.