കേരളത്തിലെ ഏറ്റവും കൂടുതല്‍ വാഹനഗതാഗതമുള്ള വൈറ്റില ജംഗ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മ്മാണം ആരംഭിക്കുകയാണ്. അതിവേഗത്തില്‍ ഒരു അതിവിശാല മെട്രോപോളിറ്റന്‍ പ്രദേശമായി വളരുന്ന കൊച്ചിയുടെ ഭാവി വികസനത്തിന് ഉപകരിക്കും വിധമോ വൈറ്റില ജങ്ങ്ഷന്റെ തന്നെ ഭാവി വികസനത്തിന് പ്രയോജനപ്പെടുകയോ അവിടെ ഗതാഗതം സുഗമാമാക്കുകയോ ചെയ്യുന്ന രീതിയിലല്ല നിര്‍ദ്ദിഷ്ട ഫ്ളൈ ഓവറിന്റെ നിര്‍മ്മാണം എന്നു ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. ഇടപ്പള്ളി ഫ്ളൈ ഓവറിന്റെ രൂപകല്പനയില്‍ വന്ന ഗുരുതരമായ പിഴവ് വൈറ്റിലയില്‍ ആവര്‍ത്തിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇടപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള റൂട്ടിനെ ഒഴിവാക്കി ചില സ്വകാര്യ സ്ഥാപനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ താരതമ്യേന വാഹന സാന്ദ്രത കുറഞ്ഞ ദിശയിലാണ് ഫ്ളൈ ഓവര്‍ പണിതതെങ്കില്‍, വൈറ്റിലയില്‍ ഭാവിയിലുണ്ടാകാവുന്ന വന്‍ തോതിലുള്ള വികസനവും ഗതാഗത വളര്‍ച്ചയും പരിഗണിക്കാതെയാണ് അലൈന്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത അന്‍പതു വര്‍ഷത്തേക്കുള്ള കുമ്പളം-ഇടപ്പള്ളി, കടവന്ത്ര-തൃപ്പൂണിത്തുറ റൂട്ടുകളിലെ ഗതാഗത സാന്ദ്രതയുടെ പ്രൊജക്ഷന്‍ അടിസ്ഥാനപ്പെടുത്തി, എല്ലാ ദിശയിലെയും ഗതാഗതത്തെ സുഗമമായി കടത്തിവിടാന്‍ പറ്റിയ തരത്തില്‍ കൂടുതല്‍ വിപുലമായ ഒരു യഥാര്‍ത്ഥ ഫ്ളൈഓവര്‍ വൈറ്റിലയില്‍ രൂപകല്പ്പന ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി വൈറ്റിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.