തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 42 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടി നിരത്തി. സംസ്ഥാനം ശുപാര്‍ശ ചെയ്തവരില്‍ പുരസ്‌കാരം ലഭിച്ചത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണെന്ന് വിവരാവകാശ രേഖകള്‍. സംസ്ഥാന സമര്‍പ്പിച്ച പട്ടികയില്‍ പേരില്ലാതിരുന്ന മൂന്നു പേര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. പി.പരമേശ്വരന് പത്മവിഭൂഷണും ഡോ. എം.ആര്‍. രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്കു പത്മശ്രീയുമാണ് ലഭിച്ചത്.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഭാരതരത്‌നക്കു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് സംസ്ഥാനം എം.ടി.വാസുദേവന്‍ നായരുടെ പേരായിരുന്നു നല്‍കിയിരുന്നത്. ഇത് മറികടന്നാണ് ആര്‍എസ്എസ് ചിന്തകനായ പി.പരമേശ്വരന് പുരസ്‌കാരം നല്‍കിയത്.

പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരുടെ പേരുകളായിരുന്നു നല്‍കിയത്. ഇവരില്‍ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രം പുരസ്‌കാരം നല്‍കുകയായിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് സമര്‍പ്പിച്ച 35 പേരുടെ പട്ടിക പൂര്‍ണ്ണമായും നിരസിക്കുകയായിരുന്നു.

മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മറ്റി രൂപീകരിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ക്കായുള്ള പട്ടിക തയ്യാറാക്കിയത്. ചീഫ് സെക്രട്ടറി, കമ്മറ്റി സെക്രട്ടറി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.