നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായത് അരിത ബാബുവാണ്.

27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

അതേസമയം, അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുക നടന്‍ സലീം കുമാര്‍ നല്‍കും. ഹൈബി ഈഡന്‍ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

പാല്‍ വിറ്റാണ് അരിതയുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു. അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ പറഞ്ഞു.