ഫോണ്‍ വിളിച്ച് ശല്ല്യപ്പെടുത്തിയ യുവാവിനെ പിടികൂടിയ പോലീസിന് നന്ദി പറഞ്ഞ് നടന്‍ ടിനി ടോം. ഫേസ്ബുക്കില്‍ ലൈവ് വന്നാണ് നടന്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസിന് നന്ദി പറഞ്ഞത്.

ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്. വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനി ടോമിനെ പ്രകോപിപ്പിച്ച് മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

‘മാസങ്ങളായി ഷിയാസ് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അവന്‍ അടുത്ത നമ്പറില്‍ നിന്നും വിളിക്കും. ഞാന്‍ തിരിച്ച് പറയുന്നത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ എത്തിയത്.

പത്തുമിനിറ്റിനുള്ളില്‍ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓര്‍ത്ത് ഞാന്‍ കേസ് പിന്‍വലിച്ചു. ചെറിയ മാനസിക പ്രശ്‌നമുള്ളയാളാണ് അതെന്ന് അറിയാന്‍ കഴിഞ്ഞു. ബാഹ്യമായ ഇടപെടല്‍ ഇല്ലെങ്കില്‍ മികച്ച സേനയാണ് നമ്മുടെ പോലീസ്. എല്ലാവര്‍ക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ..’ ടിനി ടോം പറയുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തി.

പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനായ
ടിനിയും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ പരാതി. പിന്‍വലിച്ചെന്നും ടിനി പറഞ്ഞു.