ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വികസനം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 28-ന് ദില്ലിയില്‍ വച്ചാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാനായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, മാനന്തവാടി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന ഏറനാട്,നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മലപ്പുറം ലോക്സഭാ മണ്ഡലം. നേരത്തെ രണ്ട് തവണ എംഐ ഷാനവാസ് പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ജയിച്ചത്.