ലണ്ടൻ ∙ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായുള്ള വാർത്ത പുറത്ത്. ഒറ്റയടിക്ക് 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാകും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ വിമാനങ്ങൾ എത്തുന്നതോടെ പ്രധാന റൂട്ടുകളിലെല്ലാം പുത്തൻ എയർക്രാഫ്റ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ദീർഘദൂര സർവീസുകൾക്ക് പുത്തൻ വിമാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്.

എയർ ഇന്ത്യ കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ ഗോവ, അമൃത്സർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നുവീതം ഡയറക്ട് സർവീസുകളും ഡൽഹി, മുംബൈ, എന്നിവടങ്ങളിലേക്ക് അധിക സർവീസും തുടങ്ങിയതിന്റെ ആഹ്ളാദത്തിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇതിനൊപ്പം പുതിയ എയർക്രാഫ്റ്റുകളും വരുന്നു എന്ന വാർത്ത ഏറെ ആഹ്ളാദകരമാണ്.

400 നാരോ ബോഡി എയർക്രാഫ്റ്റുകളും 100 വൈഡ് ബോഡി എയർക്രാഫ്റ്റുകളും അടങ്ങുന്നതാവും കരാറെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. 2019ൽ 300 വിമാനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ ഇൻഡിഗോ കമ്പനി കരാർ നൽകിയിരുന്നു. എയർ ഇന്ത്യയുടെ കരാർ നടപ്പായാൽ ഈ റെക്കോർഡും പഴങ്കഥയാകും.  നേരിട്ടുള്ള സർവീസിനൊപ്പം പുത്തൻ വിമാനങ്ങൾകൂടി എത്തിയാൽ എമിറേറ്റ്സിനെയോ ഖത്തറിനിയോ നാട്ടിൽ പോകാനായി ഇനി യുകെ മലയാളികൾക്ക് കാത്തിരിക്കേണ്ട വരില്ല.