വീടിന്റെ മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന കാർത്തികയുടേയും അഖിലിന്റേയും വരണമാല്യം ഉണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, സമീപത്ത് എരിഞ്ഞുതീർന്നത് അഖിലിന്റെ ചിതയായിരുന്നു. കരിഞ്ഞുണങ്ങിയ വരണമാല്യത്തെ സാക്ഷിനിർത്തി അഖിലിന്റെ ചിതയെരിഞ്ഞു തീർന്നു. ബൈക്ക് അപകടം അഖിലിന്റെ ജീവൻ കവർന്നത് ഇപ്പോഴും ആശുപത്രി കിടക്കയിൽ കഴിയുന്ന ഭാര്യ കാർത്തിക അറിഞ്ഞിട്ടില്ല.

മൂന്ന് മാസത്തെ വിവാഹബന്ധം എന്നന്നേക്കുമായി അവസാനിച്ചത് അറിയാതെ കാർത്തിക അരികിൽ തന്നെ അഖിലുണ്ടെന്ന വിശ്വാസത്തിൽ ചികിത്സയിൽ തുടരുകയാണ്. അഖിലിന്റെ ജീവൻപൊലിഞ്ഞ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തികയോട് മരണവാർത്ത പറയാൻ ബന്ധുക്കൾക്കും ധൈര്യമില്ല. 3 മാസം മുമ്പാണ് അഖിലും മെഡിക്കൽ വിദ്യാർത്ഥിനി കാർത്തികയും വിവാഹിതരായത്. ഇരുവരുടേയും മധുവിധു ആഘോഷ നാളുകളിലാണ് വിധി അഖിലിനെ തട്ടിയെടുത്തത്.

കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി 13ാം വാർഡ് കാർത്തികയിൽ അഖിൽ കെ കുറുപ്പാണ്(28) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. കൊല്ലം ബൈപാസിന് സമീപത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച അവധിക്ക് മണ്ണഞ്ചേരിയിലെ വീട്ടിൽ എത്തിയശേഷം രാത്രി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു അഖിൽ. കൊല്ലം ബൈപാസിന് സമീപം രാത്രി 9.45നുണ്ടായ അപകടത്തിൽ സാരമായി അഖിലിന് പരിക്കേൽക്കുകയായിരുന്നു. കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരുക്ക്.