മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവും തമ്മിൽ റോഡിൽ തർക്കമുണ്ടായ സംഭവത്തിൽ താൻ കണ്ടകാര്യങ്ങൾ പോലീസിനോടും കെ.എസ്.ആർ.ടി.സി. അധികൃതരോടും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ എ. സുബിൻ. ആരെയും വെള്ളപൂശാനും സഹായിക്കാനും ശ്രമിച്ചിട്ടില്ല. സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ കെ.എസ്.ആർ.ടി.സി. വിജിലൻസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതേമൊഴിയാണ് പോലീസിനും നൽകിയിട്ടുള്ളത്. -സുബിൻ പറഞ്ഞു.

കേസിൽ സാക്ഷിയാണ്. ഒളിവിൽ പോയിട്ടില്ല. ഡ്യൂട്ടി ചെയ്യുന്നുണ്ട്. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പങ്കില്ല. ക്ലൗഡിൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നുവെന്നാണ് കരുതിയിരുന്നത്. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കാർഡ് കാണാതായതിൽ ഫൊറൻസിക് അന്വേഷണഫലത്തിന് താനും കാത്തിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ എ.എ. റഹീം എം.പി.യെ വിളിച്ചത് രാഷ്ട്രീയ വിവാദമാക്കേണ്ടകാര്യമില്ല. അറിയാവുന്ന ജനപ്രതിനിധിയെന്നനിലയിൽ ബന്ധപ്പെട്ടതാണ്. അന്വേഷണത്തോട് സഹകരിക്കും. അർഹിക്കുന്നവർക്ക് നീതി കിട്ടട്ടെയെന്നും സുബിൻ വ്യക്തമാക്കി.