തെക്കന്‍ ഫിലിപ്പീന്‍സില്‍ 92 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. ലോക്ഹീഡ് സി-130 എന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സോബെജാന പ്രസ്താവനയില്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടെന്നും കൂടുതല്‍പ്പേരെ രക്ഷപെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.അടുത്തിടെ സൈനിക പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.വര്‍ഷങ്ങളോളമായി പ്രവിശ്യയിലെ അബു സയ്യഫ് ഭീകരരുമായി സര്‍ക്കാര്‍ പോരാട്ടത്തിലാണ്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്തിടെ സഖ്യം ചേര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. യുഎസും ഫിലിപ്പീന്‍സും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭീകരസംഘടനയാണ് അബു സയ്യഫ്.ഇവരെ നേരിടുന്നതിനായാണ് സൈനികരെ അയച്ചത്.