ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ‘ജയ് ശ്രീറാം’ വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളിലേക്ക് പോകണമെന്ന് ബി.ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനുമുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും ഭീഷണി. ‘ജയ് ശ്രീറാം’ വിളി വര്‍ഗീയവാദികള്‍ യുദ്ധകാഹളമായി ഉപയോഗിക്കുന്നുവെന്ന് അടൂര്‍ അടക്കമുള്ള പ്രമുഖര്‍ മോദിക്കെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ? മൗനവൃതത്തിലായിരുന്നൊ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ പരമപുഛത്തോടെ.