കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് പിള്ളയും വീണ്ടും നിയമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കയതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ളയെന്നും അങ്ങനെയുള്ളയാള്‍ക്ക് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്നും വിഎസ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ പിള്ളയ്ക്ക് വീണ്ടും അതേ പദവി കിട്ടിയിരിക്കുകയാണ്.