ജോൺ കുറിഞ്ഞിരപ്പള്ളി

എല്ലാ ശനിയാഴ്ചയും കാലത്ത് കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും. അതാണ് ഞങ്ങളുടെ പതിവ്. ഞാനും ജോർജ് കുട്ടിയും കൂടി കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി. അവൻ്റെ ഒപ്പം അവൻ ജോലിക്കു നിൽക്കുന്ന കടയുടെ മുതലാളിയും പിന്നെ കണ്ടു പരിചയം ഇല്ലാത്ത ഒരു സുന്ദരനും ഉണ്ട് .

“എങ്ങോട്ടാ എല്ലാവരുംകൂടി രാവിലെ?”

വെറുതെ ഒരു കുശലം ചോദിച്ചതാണ്.

“ഇക്കാന് പെണ്ണുകാണാൻ പോകുന്നു. ഹുസൈയിൻ പറഞ്ഞു. അവൻ്റെ മുതലാളിയുടെ അളിയൻ ഗൾഫിൽ നിന്നും വന്ന സുന്ദരനു വേണ്ടിയാണ്. സുന്ദരൻ വലിയ സന്തോഷത്തിലാണ്. പരിചയം ഇല്ലെങ്കിലും ഒരുപാടുകാലത്തെ പരിചയം നടിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞു.

ഞങ്ങൾ ഷോപ്പിംഗിനായി അവരോടു യാത്ര പറഞ്ഞു ,കടയിലേക്ക് നടന്നു.

ജോർജ് കുട്ടി പറഞ്ഞു ഹുസ്സയിനെ കൊണ്ടുപോകുന്നത് മുതലാളിക്ക് ജാഡ കാണിക്കാൻ വേണ്ടിയാണ്.

“ഇത് ആരാ?”, എന്ന് ചോദിക്കുമ്പോൾ,” ഞങ്ങളുടെ കടയിലെ സെയിൽസ്‌മാനാണ് എന്ന് പറഞ്ഞു ഷൈൻ ചെയ്യാനാ. പക്ഷേ,അവനൊരു മണ്ടനാ. എന്തെങ്കിലും പണികിട്ടാതിരിക്കില്ല.”.

ഞങ്ങൾ വീട്ടിലേക്ക് ഉള്ള സാധനങ്ങളും വാങ്ങി തിരിച്ചുവരുമ്പോൾ വീണ്ടും അവരെ വഴിയിൽ വച്ച് കണ്ടു.

“ഇത്ര പെട്ടന്ന് പെണ്ണുകാണലും ഉറപ്പിക്കലും ഒക്കെകഴിഞ്ഞോ?”ഞാൻ ചോദിച്ചു.

“ഇവൻ എല്ലാം കൊളമാക്കിയെന്നാ തോന്നുന്നത്?”

ഹുസൈയിൻ ഒന്നും മിണ്ടുന്നില്ല. മുതലാളി പറഞ്ഞു,”ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവർ നന്നായിട്ടു സ്വീകരിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ചായ വന്നു. ഇപ്പോൾ മിൽക്ക് ഡയറിയിൽ സമരം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയാമല്ലോ. പാലില്ലാത്തതുകൊണ്ട് അവർ കട്ടൻ ചായ ആണ് തന്നത്. പെണ്ണ് ചായ കൊണ്ടുവന്നു വച്ചപ്പോൾ ഈ പൊട്ടൻ ഒരു ചോദ്യം,”ഐസ് ഉണ്ടോ?” .

“ഐസ്?,അതെന്തിനാ?”

“ഇക്ക ഐസില്ലാതെ കഴിച്ചു കണ്ടിട്ടില്ല.”

“ഒരു ദിവസം എത്ര കഴിക്കും?”

” കിടക്കാൻ നേരത്തു രണ്ടു ഗ്ലാസ്സ്. പിന്നെ ടച്ചിങ്‌സ് ഉണ്ടെങ്കിൽ ഒരു രണ്ടുകൂടി “.

സുന്ദരനെ നോക്കി പെണ്ണ് ഒരു ചോദ്യം ,”ഇക്കയും കഴിക്കുവോ?”

ഹുസൈയിൻ പറഞ്ഞു,”ഞങ്ങൾ എല്ലാവരും കൂടിയിരുന്നാണ് കഴിക്കാറുള്ളത് “.

പെണ്ണ് സ്ഥലം വിട്ടു.”അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞുവിട്ടു.”

പാവം ഹുസൈയിൻ തെറികേട്ടു മടുത്തു

.”ഈ വിവരം നമ്മുടെ കാഥികൻ അറിയണ്ട.”,ഞാൻ പറഞ്ഞു.

പറഞ്ഞു പറഞ്ഞു കൂടുതൽ കുഴപ്പത്തിലാക്കണ്ട എന്നുകരുതി ഞങ്ങൾ ഒഴിഞ്ഞുമാറി പോകാൻ തുടങ്ങിയപ്പോൾ നമ്മളുടെ വർഗീസും വർഗീസിൻ്റെ സുഹൃത്തു രാജുവും കൂടി വരുന്നു.

ജോർജ് കുട്ടി പറഞ്ഞു,”കെണിഞ്ഞു,ദാ, രണ്ടുംകൂടി വരുന്നുണ്ട്. രാവിലെ പണിയായി. അവൻ്റെ അന്നയുടെ കേസും കൊണ്ടുള്ള വരവാണ് എന്ന് തോന്നുന്നു. രാവിലെ ഇവന്മാർക്കൊന്നും വേറെ പണിയില്ല. അവര് കാണണ്ട. ഓടിക്കോ”.

ഞങ്ങൾ രണ്ടുപേരുടെയും കയ്യിൽ വീട്ടിലേക്കു വാങ്ങിയ സാധനങ്ങൾ ഉണ്ട്. എൻ്റെ കയ്യിൽ രണ്ടു ബാഗ് നിറയെ പലവിധ സാധനങ്ങൾ ആണ്. ജോർജ് കുട്ടിയുടെ കയ്യിലും എടുപ്പത് സാധനങ്ങൾ രണ്ടു സഞ്ചികളിലായി ഉണ്ട്.

എങ്കിലും ഞങ്ങൾ ഓടി,അവരെ കാണാത്ത നാട്യത്തിൽ.

ഒരു അഞ്ഞൂറു മീറ്റർ കഴിഞ്ഞാൽ റോഡിൽ ഒരു വളവുണ്ട്. അവിടെ എത്തിയാൽ പിന്നെ അവർ ഞങ്ങളെ കാണില്ല.

വളവിലെത്തി ,ഞങ്ങൾ നിന്നു. ദാ അവന്മാർ മുൻപിൽ നിൽക്കുന്നു. കുറുക്കു വഴി ഓടി വന്നിരിക്കുകയാണ്.

“ഇതെന്താ നിങ്ങൾ ഓടിക്കളഞ്ഞത്?” വർഗീസ് ചോദിച്ചു.

“ഞങ്ങൾ സമയം കിട്ടുമ്പോൾ ഓടും ഒരു വ്യായാമം ‌ ഒക്കെ വേണ്ടേ?”.

“ഇത്രയും സാധനങ്ങളും മേടിച്ചു കയ്യിൽ പിടിച്ചോണ്ടാണോ ഓടുന്നത്?”

“വേറെ സമയം കിട്ടണ്ടേ?”

“ഞങ്ങൾ നിങ്ങളെ അന്വേഷിച്ചു വന്നതാ .ഒരു കാര്യം പറയാനുണ്ട്.”

“അതിനെന്താ, പക്ഷെ റോഡിൽ വച്ചാണോ പറയുന്നത്. നിങ്ങൾ വീട്ടിലേക്കു വാ. ഇന്ന് വൈകുന്നേരം നമ്മൾ കാണാം എന്ന് പറഞ്ഞിരുന്നല്ലോ.”

“അത് തന്നെ കാര്യം,ഞങ്ങൾ………..”

“ഇപ്പോൾ പറയണ്ട.വീട്ടിലേക്ക് വാ”.ജോർജ് കുട്ടി എൻ്റെ കയ്യിലിരുന്ന വലിയ ബാഗ് വാങ്ങി വർഗീസിൻ്റെ കയ്യിൽ കൊടുത്തു.”ദാ ഇത് പിടിക്ക്. ഓ സോറി രാജുവിന് പിടിക്കാൻ ഒന്നും തന്നില്ലെങ്കിൽ മോശമല്ലേ.?”

അവൻ്റെ കയ്യിലിരുന്ന വലിയ സഞ്ചി രാജുവിനെ ഏൽപ്പിച്ചു. രണ്ടു പേരും മടിച്ചു മടിച്ചു ഞങ്ങളുടെകൂടെ വീട് വരെ ബാഗുമായി വന്നു.

വീട്ടിലെത്തിയപ്പോൾജോർജ് കുട്ടി പറഞ്ഞു. ” ഇനി പറ, എന്താ കാര്യം.?”

“എനിക്ക് എൻ്റെ പ്രേമഭാജനം അന്നയെയും അവളുടെ ഇരട്ട സഹോദരി ബെന്നയേയും തമ്മിൽ തിരിച്ചറിയാൻ വയ്യ എന്ന പ്രശനം രാജു പരിഹരിച്ചോളാം എന്ന് പറഞ്ഞു. അതുകൊണ്ട് വൈകുന്നേരം കാണാം എന്ന് പറഞ്ഞതിന് വരുന്നില്ല, എന്ന് പറയാനാണ്.”

“കഷ്ടം ,ഇത് നേരത്തെ പറയാമായിരുന്നു. ഞാൻ നിങ്ങളെ വെറുതെ ഇവിടം വരെ നടത്തി.”

“സാരമില്ല. ഞങ്ങള്‌ പോകുന്നു.”

“ആകട്ടെ എങ്ങനെയാണു പ്രശനം പരിഹരിച്ചത്?”

“അന്നേ,എന്നുവിളിക്കുമ്പോൾ അന്ന തിരിഞ്ഞുനോക്കും. പിന്നെ ,രാജു,ബെന്നക്ക് വിഷമം ആകുമല്ലോ ഒരുകൂട്ട് ഇല്ലെങ്കിൽ എന്ന് വിചാരിച്ചു ബെന്നയുടെ കാര്യം നോക്കിക്കോളാമെന്നു സമ്മതിച്ചു.”

അവർ രണ്ടുപേരും നടന്നുതുടങ്ങി.

“ഒത്താൽ ഇനി തമ്മിൽ കാണാം.”.

“അതെന്താ അങ്ങനെ പറഞ്ഞത്?കുഴപ്പങ്ങൾ വല്ലതും ഉണ്ടാകുമോ? ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം”.

“തീർച്ചയായും.പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തേക്കാം.”

“മെഴുകുതിരി?”

“അതെ നിങ്ങളുടെ ശവകുടീരത്തിൽ കത്തിച്ചു വച്ചേക്കാം.”

“ജോർജ് കുട്ടി ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ..”

ജോർജ് കുട്ടി അകത്തുപോയി ഒരു ബൈബിൾ എടുത്തുകൊണ്ടുവന്നു,കിട്ടിയ പേജ് തുറന്നു വായിച്ചു,”മനസ്സു സന്നദ്ധമാണെങ്കിലും ശരീരം സന്നദ്ധമല്ല………..”

ഇത്രയും വായിച്ചിട്ടു അവരെ നോക്കി.മറ്റൊരു പേജ് തുറന്നു വീണ്ടും വായിച്ചു,”പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.”

രണ്ടുപേരും ഞങ്ങളെ ദയനീയമായി നോക്കി. ജോർജ്‌കുട്ടി വീണ്ടും അടുത്തപേജ് തുറക്കുന്നത് കണ്ട ഭയപ്പാടയോടെ അവർ തിരിഞ്ഞു നടക്കുമ്പോൾ ജോർജ് കുട്ടി വായിച്ചു,”കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും………………”അവർ അത് കേൾക്കാൻ നിന്നില്ല.

“സംപാങ്ങി റെഡ്ഢിയുടെ മക്കളാണ് അന്നയും ബന്നയും.ഈ ഏരിയയിലെ അറിയപ്പെടുന്ന ഗുണ്ടയാണ് അയാൾ “‌.അവർ പോയിക്കഴിഞ്ഞു ജോർജ് കുട്ടി പറഞ്ഞു.”അവന്മാരുമായിട്ടു ഇനി ഇടപാട് ഒന്നും വേണ്ട. വെറുതെ അടി പാഴ്‌സൽ ആയി വരും”.

ജോർജ് കുട്ടി പറഞ്ഞതുപോലെ സംഭവിച്ചു.

പതിവുപോലെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ വച്ച റെഡ്ഢിയെ കണ്ടുമുട്ടി.റെഡ്ഢിക്ക് ജോർജ് കുട്ടിയെ അറിയാം .അയാൾ വിളിച്ചു,” ഡേ,ജോർജ് കുട്ടി നിൽക്കൂ.ഒരു കാര്യം പറയാനുണ്ട്.”

ഞങ്ങൾ നിന്നു.അയാൾ അടുത്തു വന്നു.

“നിങ്ങളുടെ നാട്ടുകാർ രണ്ടു പിള്ളേർ എൻ്റെ മക്കളുടെ പുറകെ നടന്നു ശല്യപ്പെടുത്തുന്നുണ്ട്. അവന്മാരോട് മര്യാദയ്ക്ക് നടക്കാൻ പറയണം.”തെലുങ്കിലാണ് സംസാരം,അതുകൊണ്ട് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല.

“റെഡ്‌ഡി അണ്ണാ പറയാമായിരുന്നു. പക്ഷെ,അവരുടെ ഭാഷയും ഞങ്ങളുടെ ഭാഷയും വേറെ വേറെ ആണ്. ഞങ്ങളുടെ ഭാഷയിൽ വേണം എന്ന് പറയുന്നത് അവരുടെ ഭാഷയിൽ വേണ്ട എന്നാണ്. അവരുടെ ഭാഷയിൽ ഞാൻ പറഞ്ഞാൽ അവര് വിചാരിക്കും……………”

“മതി ഞാൻ പറഞ്ഞോളാം.”

രണ്ടു ദിവസം കഴിഞ്ഞു.വർഗീസിനെയും രാജുവിനേയും വഴിയിൽ വച്ചുകണ്ടു..ഞങ്ങളുടെകൂടെ സെൽവരാജനും അച്ചായനും ഉണ്ടായിരുന്നു. വർഗീസിൻ്റെ മുഖത്തിൻ്റെറെ വലതു ഭാഗവും രാജുവിൻ്റെ ഇടതു ഭാഗവും കറുത്ത് കരുവാളിച്ചിരിക്കുന്നു.

അവർ ഞങ്ങളെ കാണാത്ത ഭാവത്തിൽ നടന്നു.

“അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും”ജോർജ് കുട്ടി പറഞ്ഞു.

“അതിന് അവർ രണ്ടുപേരും പിള്ളയല്ലല്ലോ”.സെൽവരാജൻ.

“ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്.”

“പഴഞ്ചൊല്ലിൽ കതിരില്ല ,എന്നല്ലേ പറയുന്നത്?”

“കതിരല്ല,പതിര്.”

“എന്നാൽ ഞാനൊരു പഴഞ്ചൊല്ല് പറയട്ടെ?”

“വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് ……..”

“എവിടെയാ വച്ചത് എന്ന് പറയണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി