ജോൺ കുറിഞ്ഞിരപ്പള്ളി

രാത്രി പത്തരകഴിഞ്ഞു. പതിവ് ചീട്ടുകളിക്ക് ആള് തികയാതെ വന്നു. നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം. അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ ഐക്യകണ്ഠം തീരുമാനിച്ചു.

കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ വന്നു ഞങ്ങളോട് ഒരു ചോദ്യം,” അവമ്മാര് രണ്ടുപേർ അത്രയും സമയം നിങ്ങളെ വഴക്കുപറഞ്ഞിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ” എന്ന്.

അത് ഞങ്ങളെ വഴക്കുപറഞ്ഞതല്ല കഥാ പ്രസംഗം നടത്തിയതാണ് എന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം വരുന്നില്ല.

ലൈറ്റ് ഓഫ് ചെയ്‌ത്‌ കിടക്കാൻ തുടങ്ങുകയായിരുന്നു. അതേ സമയത്ത് ആരോ വന്നു കതകിൽ ശക്തിയായി ഇടിച്ചു. ഞാൻ വാതിൽ തുറന്നു.

അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു. ഇതെങ്ങനെ സംഭവിച്ചു.”ഞാൻ വളരെ ലോഹ്യമായിട്ടു ചോദിച്ചു,”എന്താ ശംഭു?”

“ശംഭു? ഞാൻ ശംഭു അല്ല, അപ്പണ്ണ, ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ. “ഞങ്ങൾ സംസാരിക്കുന്നത് കേട്ട് ജോർജ് കുട്ടി അവിടേക്ക് വന്നു.”ഹലോ സാർ. ഇതെന്താ ഈ വഴി?”

ജോർജ് കുട്ടിയോട്,” ഇത് പുതിയ ആളാ അല്ലേ?”

അപ്പണ്ണ ഒരുതരം കൊഴഞ്ഞ ഭാഷയിലാണ് സംസാരം.

അയാൾ തോക്കും തോളിൽ വച്ച് അകത്തേക്ക് കയറി വന്നു. “താൻ വിചാരിക്കുന്നതുപോലെ ശംഭുവും കോപ്പും ഒന്നും അല്ലടോ. നമ്മുടെ പോലീസ് സ്റ്റഷനിലെ കോൺസ്റ്റബിൾ അപ്പണ്ണയാണ്. പുള്ളിക്കാരൻ കൊടഗുകാരനാ, മലയാളം പറയും.”

അപ്പണ്ണയോട് ,”എൻ്റെ സുഹൃത്താ. പാവമാണല്ലോ എന്ന് വിചാരിച്ചു് കൂടെ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസം ആയതേയുള്ളു. സാർ കേറി വാ.”

അപ്പണ്ണ ചിരിച്ചുകൊണ്ട് പാൻറ്സിൻറെ പോക്കറ്റിൽ നിന്നും മാക്ഡോവെൽസിൻ്റെ ഒരു അര ബോട്ടിൽ വിസ്കി എടുത്തു മേശപ്പുറത്തുവച്ചു. തോക്ക് ഒരരികിലായി ചാരിവച്ചു.

“ജോർജ് കുട്ടി നീ വലിയ വെടിക്കാരനാണ് എന്ന് എനിക്കറിയാം. ഇത് നിറ തോക്കാണ്. എടുത്തു പരീക്ഷിച്ചേക്കരുത്.”

“ഓ,ഇല്ല. പിന്നെ സാറിനെ ഇയ്യിടെ ഒന്നും കാണാനില്ലല്ലോ”.

“സമയം കിട്ടണ്ടേ ജോർജ് കുട്ടി, വിനായക ബാറിനടുത്തുകൂടി വരുമ്പോൾ ഒരുത്തനെ വിരട്ടി അരക്കുപ്പി വിസ്‌കി കിട്ടിയതാ. നീ അച്ചാറെടുക്ക് .” മൂന്നു ഗ്ലാസും അച്ചാറും വെള്ളവും നിമിഷനേരംകൊണ്ട് റെഡി.

“ഇന്ന് നൈറ്റ് ഡ്യൂട്ടി ഇങ്ങനെ ആകട്ടെ”

നിമിഷ നേരം കൊണ്ട് കുപ്പി കാലി ആയി.

അപ്പണ്ണ എഴുന്നേറ്റു .” ഞാൻ ഇപ്പം വരാം. തോക്ക് ഇവടെ ഇരിക്കട്ടെ. മുട്ടിത്തടിപോലത്തെ ഈ സാധനം ചുമന്നോണ്ട് നടന്നിട്ടു എന്തുചെയ്യാനാണ്.?”

“സാറെങ്ങോട്ടാ ?” ജോർജ്‌കുട്ടി.

“ഒന്നും ആയ്യില്ലടോ അച്ചാറും വെള്ളം റെഡിയാക്കി വയ്ക്ക്. ഞാനാരെയെങ്കിലും വിരട്ടി ഒരു ഹാഫ് കൂടി സംഘടിപ്പിക്കട്ടെ..”

“സാറെ എന്നാൽ ഒരു ഡസൻ മുട്ടേം കൂടി വിരട്ടി മേടിച്ചോ.”

പുറത്തുപോയ അപ്പണ്ണ പത്തുമിനിറ്റായില്ല ,പറഞ്ഞ സാധനങ്ങളും കൂടെ ബ്രഡ് മുട്ട എല്ലാം വാങ്ങി വന്നു. ജോർജ് കുട്ടി വേഗം അടുക്കളയിൽ കയറി ,ഓംലറ്റുണ്ടാക്കാൻ തുടങ്ങി. അപ്പണ്ണ എങ്ങനെയാണ് ആളുകളെ വിരട്ടി കുപ്പി സംഘടിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

അതാ വീണ്ടും കതകിൽ ആരോ മുട്ടുന്നു. അത് കോൺട്രാക്ടർ രാജനായിരുന്നു. കൂടെ മറ്റൊരു ചെറുപ്പക്കാരനുമുണ്ട്. രാജൻ പറഞ്ഞു, “ഇദ്ദേഹം ഒരു സിനിമ സംവിധായകൻ ആണ്.

ഉടനെ അപ്പണ്ണ പറഞ്ഞു, “ഹോ, മലയാളത്തിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങുന്നത്. ഇന്നലെ ഞാൻ ഒരു ഉഗ്രൻ പടം കണ്ടു,പേര് പാവം ക്രൂരൻ”.

നമ്മുടെ സംവിധായകനും രാജനും അകത്തേക്ക് കയറി വന്നു, ഒരു കസേരയിൽ കയറി ഇരുന്നു. അപ്പോഴും അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റിയില്ല. മുഖം കാണാൻ പറ്റുന്നില്ല. ഞാൻ ചോദിച്ചു, എന്താ സാറിന്റെ പേര്?”

പറ്റിയാൽ ഒന്ന് സിനിമയിൽ തലകാണിക്കാമല്ലോ എന്നാണ് എൻ്റെ ചിന്ത. അയാൾ പറഞ്ഞ പേര് ഞങ്ങൾ ആരും കേട്ടിട്ടില്ല.

“സംവിധാനം ചെയ്ത സിനിമ ഏതാണ്? “അയാൾ രണ്ടു മൂന്ന് പേരുകൾ പറഞ്ഞു. സത്യൻ അന്തിക്കാടും രാജസേനനും സംവിധാനം ചെയ്ത സിനിമകൾ.

“ഹേയ് അത് സത്യന്റെ പടമല്ലേ?”

“അതെ,ഞാൻ അതിൻ്റെ തെലുങ്ക് പതിപ്പാണ് സംവിധാനം ചെയ്തത്”.

“തെലുങ്കിൽ എന്താണ് പേര്?”

“പേര് അതുതന്നെ.”

കോൺസ്റ്റബിൾ അപ്പണ്ണ ചാടി എഴുന്നേറ്റു തോക്കെടുത്തു അയാളുടെ നേരെചൂണ്ടി, എന്നിട്ടു പറഞ്ഞു, നീ കുറച്ചങ്ങോട്ടു മാറി നിക്ക്. എനിക്ക് തോക്കുചൂണ്ടാൻ സ്പേസ് വേണം “അയാൾ മാറി നിന്നു. ശരിയാണ്,പോലീസ്‌കാർ കൊണ്ടുനടക്കുന്ന തോക്കു ചൂണ്ടി വെടി വയ്ക്കണമെങ്കിൽ അവരെ ദൂരേയ്ക് മാറ്റി നിറുത്തണം. അപ്പണ്ണ പറഞ്ഞു, “എടുക്കടാ നിൻറെ ഹെൽമെറ്റ്.”

അയാളുടെ മുഖം ഞങ്ങൾ ഇതുവരെ കണ്ടിരുന്നില്ല. വിറച്ചുകൊണ്ട് അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റി.

ജോർജ് കുട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്താ ജോർജ് കുട്ടി ചിരിക്കുന്നത്? “അപ്പണ്ണ.

“അല്ല സാറിൻ്റെ തോക്ക് കണ്ടു ചിരിച്ചതാ”

“എന്താ അതിനു കുഴപ്പം.?”

“അത് തോക്കല്ല, ഉലക്കയാണ്.”

“ഓ,ശരിയാണല്ലോ, വീട്ടിൽ നിന്നും വരുമ്പോൾ തോക്കിനടുത്ത് ചാരിവച്ചിരുന്ന ഉലക്ക എടുത്തോണ്ട് പോന്നു” “ഇപ്പോൾ ആരാ ഉലക്ക ഉപയോഗിക്കുന്നത്? “ഞാൻ ചോദിച്ചു.

“കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ വെറുതെ ഒരു രസത്തിന് വീട്ടിൽ നിന്നും എടുത്തോണ്ട് വന്നതാ”.

സംവിധായകനെ നോക്കി അപ്പണ്ണ പറഞ്ഞു,”നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ…….. “നീ ആ ബേക്കറിയിൽ ജോലി ചെയ്തിരുന്നതല്ലേ ?”

“അതെ,സാർ”

“എന്താ നിന്റെ പേര്”

പേര്…….ബാബു ……”

ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു. അത് അപ്പണ്ണയുടെ കയ്യിൽ കൊടുത്തു.

അത് കണ്ടപാടെ അയാൾ കരയാൻ തുടങ്ങി. “കോൺട്രാക്ടർ രാജൻപറഞ്ഞറിഞ്ഞതാ, രണ്ടു പേർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന്. വട്ടച്ചെലവിനുള്ള കാശു സഘടിപ്പിക്കാമെന്നു വിചാരിച്ചു വന്നതാ.”

“ദുഷ്ടൻ,എന്നെ ചതിക്കുകയായിരുന്നു അല്ലേ? “രാജൻ

“നീ എങ്ങനെയാ കാശ് സംഘടിപ്പിക്കുക?”

“സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു അടുത്തുള്ള സ്റ്റുഡിയോയിൽ കൊണ്ടു പോയി രണ്ടു ഫോട്ടോ എടുപ്പിക്കും. സർവീസ് ചാർജ് എന്നു പറഞ്ഞു അയ്യായിരം രൂപ മേടിക്കും. എല്ലാവരും തരും”.

“തോക്ക് കയ്യിൽ വെറുതെ പിടിച്ചോണ്ടിരിക്കാതെ വെക്ക് സാറെ അവനെ വെടി. “ജോർജ് കുട്ടി.

“അയ്യോ അരുതേ സാറേ. പാവമാ വിട്ടേക്ക് “രാജൻ.

“എന്താ ജോർജ് കുട്ടി ,വിടണോ, വെടി വയ്ക്കണോ?”

“ഒരു കാര്യം ചെയ്യാം. ഇവിടെ അടുക്കളയെല്ലാം താറുമാറായിക്കിടക്കുവാ. അതെല്ലാം ക്ലീൻ ചെയ്തിട്ട് പൊയ്ക്കോ. എന്താ?”

“സമ്മതിച്ചു.”

“പാവം ക്രൂരൻ “അപ്പണ്ണ പറഞ്ഞു.

“സാറെ, ആ പടം ഞാൻ തെലുങ്കിൽ എടുത്തതാണ്: അല്ല എടുത്തതാണ് എന്ന് പലരോടും പറഞ്ഞിട്ടുള്ളതാണ്.”

“വർത്തമാനം പറയാതെ പോയിപാത്രം കഴുകടാ.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി