മലയാളി, ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തൽ.

സാമ്പാറിൽ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക,​ ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയിൽ കൂടുതൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

ഇതിൽ തക്കാളിയിൽ മെറ്റാലാക്‌സിൽ, കാരറ്റിൽ ക്‌ളോർപൈറിഫോസ്, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, പച്ചമുളകിൽ എത്തയോൺ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളിൽ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതൽ. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില, പാഴ്‌സലി, സാമ്പാർ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം എന്നിവയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്പിളുകളിൽ 187ലും കീടനാശിനിയുണ്ട്. പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമേ കർഷകരിൽ നിന്ന് നേരിട്ടും സാമ്പിളെടുത്തിരുന്നു.