ലണ്ടന്‍: ബെന്‍ നെവിസ് ഹിമപാതത്തില്‍ രണ്ട് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെന്‍ നെവിസില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടാവാന്‍ സാധ്യതയുള്ളതായി സ്‌കോട്ടിഷ് അവലാന്‍ച്ചെ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിന് മിനുറ്റുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മെഡിക്കല്‍ വിവരങ്ങള്‍ സംഭവിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ മലനിരയാണ് ബെന്‍ നെവിസ്. സമുദ്രനിരപ്പില്‍ നിന്ന് 1345 മീറ്ററുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ സാധാരണയായി ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാറില്ല.

എന്നാല്‍ ഈ സീസണില്‍ അപകടങ്ങള്‍ തോത് വളരെ കൂടുതലാണ്. പത്ത് പേര്‍ക്കാണ് ഈ മഞ്ഞുകാലത്ത് ബൈന്‍ നെവിസിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഡിസംബര്‍ പതിനാറിന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ 21 കാരന്‍ പാട്രിക്ക് ബൂത്രോയ്ഡ് 1500 അടിയില്‍ നിന്ന് താഴേക്ക് വീണിരുന്നു. ന്യൂ ഇയര്‍ ദിനത്തില്‍ 21കാരിയായ ജര്‍മ്മന്‍ യുവതിക്കും സമാന അപകടം സംഭവിച്ചിരുന്നു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ഇവര്‍ ചികിത്സക്കിടെയാണ് മരണപ്പെടുന്നത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് 2012-13 കാലഘട്ടത്തിലെ മഞ്ഞുകാലത്താണ്. അന്ന് എട്ട് പേര്‍ക്കാണ് ഹിമപാതത്തില്‍ ജീവന്‍ നഷ്ടമായത്.