റഷ്യ ബഹിരാകാശത്ത് ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചുവെന്ന് യുഎസും യുകെയും ആരോപിച്ചു. ബഹിരാകാശ അധിഷ്ഠിത ആയുധ മൽസരത്തിനു വീണ്ടും ചൂടുപിടിക്കുന്നു എന്നതിന്റെ സൂചനയാണിത്. ‘ജൂലൈ 15 ന് നടത്തിയ ഒരു പ്രൊജക്റ്റിലിന്റെ പരീക്ഷണം ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള റഷ്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്. അത് അമേരിക്കയുടെ ബഹിരാകാശ വസ്തുക്കള്‍ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് പുതിയ യുഎസ് ബഹിരാകാശ സേന മേധാവി ജനറൽ ജോൺ റെയ്മണ്ട് പറഞ്ഞു. യുഎസിന്റെ ഉപഗ്രഹങ്ങള്‍ക്ക് ഏറെ അടുത്തുള്ള രണ്ടു റഷ്യന്‍ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ നിന്നാണ് പരീക്ഷണം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ തികച്ചും സമാധാനപരമാണെന്ന് റഷ്യ വാദിക്കുന്നു. വിക്ഷേപണത്തിൽ ഉൾപ്പെട്ട ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ഒരു പരിശോധന ഉപഗ്രഹമെന്ന നിലയില്‍ അല്ലെന്നു റെയ്മണ്ട് പറഞ്ഞു. 2017 ൽ റഷ്യ സമാനമായ “ഓൺ-ഓർബിറ്റ് പ്രവർത്തനം” നടത്തിയതായി യുഎസ് സ്‌പേസ് കമാൻഡ് പ്രസ്താവനയിൽ പറയുന്നു. ആദ്യമായാണ്‌ റഷ്യ സാറ്റലൈറ്റ് വെപ്പണ്‍ ഉപയോഗിച്ചു എന്ന ആരോപണം അമേരിക്ക പരസ്യമായി ഉന്നയിക്കുന്നത്. ‘ആയുധത്തിന്റെ സ്വഭാവസവിശേഷതകളുള്ള ഒരു പ്രൊജക്റ്റൈൽ വിക്ഷേപിച്ച റഷ്യയുടെ നടപടി ആശങ്കയോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത് എന്ന് യുകെയുടെ ബഹിരാകാശ ഡയറക്ടറേറ്റ് മേധാവി എയർ വൈസ് മാർഷൽ ഹാർവി സ്മിത്തും പറഞ്ഞു.

സൈനിക ആവശ്യങ്ങൾക്കായി കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കുന്ന ബഹിരാകാശ ആയുധമാണ് ഉപഗ്രഹ വേധ മിസൈൽ (ആന്റി സാറ്റലൈറ്റ് മിസ്സൈൽ സിസ്റ്റം,അസാറ്റ്). പല രാജ്യങ്ങളിലും അസാറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇതുവരെ അസാറ്റ് സംവിധാനം ഉപയോഗിച്ചിട്ടില്ലെങ്കിലും, ഏതാനും ചില രാജ്യങ്ങൾ തങ്ങളുടെ സ്വന്തം ഉപഗ്രഹങ്ങളെ പരീക്ഷണങ്ങൾക്കായി തകർത്തിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ സംവിധാനം ഇതുവരെ വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത്.