ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴിപ്പിച്ചു. രാജ്യത്തെ അഗ്നിശമന സേന ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ തീപിടുത്തമാണിത്. തീപിടിത്തത്തിന് പിന്നാലെ 3500-ലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. ആർക്കും പരുക്കുകൾ ഇല്ലെന്ന് ഗ്രീസിലെ സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം അറിയിച്ചു. റോഡ്‌സിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ദ്വീപിലെ ടൂറിസ്റ്റ് താമസ സൗകര്യത്തിന്റെ 10% കാട്ടുതീയിൽ അകപ്പെട്ടിട്ടുണ്ട്.

അഞ്ച് ഹെലികോപ്റ്ററുകളും 173 അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കിയോതാരി പ്രദേശത്തെ മൂന്ന് ഹോട്ടലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട് ചെയ്തു. ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ പ്രദേശങ്ങളെയും കാട്ടുതീ ബാധിച്ചു. സഹോദരിക്കും മകൾക്കുമൊപ്പം താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് കടുത്ത ചൂടിൽ നൂറുകണക്കിന് ആളുകളുമായി കടൽത്തീരത്ത് കുടുങ്ങിയെന്നും ഒരു ബ്രിട്ടീഷ് വനിത പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ഗ്രീസ് കടുത്ത ചൂടിനെയാണ് അഭിമുഖീകരിക്കുന്നത്. താപനില 45C (113F) വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 50 വർഷത്തിനിടെ ഗ്രീസിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും ചൂടേറിയ ജൂലൈ വാരാന്ത്യമായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഉയർന്ന താപ നിലയ്ക്ക് പിന്നാലെ രാജ്യത്തൊട്ടാകെ നിരവധി കാട്ടുതീകൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ചൂട് വർദ്ധിക്കുന്നതിനാൽ പുതിയ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി