കൊച്ചി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത നോർവീജിയൻ സ്വദേശിയെ അധികൃതർ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ടൂറിസ്റ്റ് വീസയിൽ കൊച്ചിയിലെത്തിയ 74കാരി യാൻ മേഥെ ജൊഹാൻസനെ ആണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) അധികൃതർ ചോദ്യം ചെയ്തത്.

‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവർ ഗൗരവമായാണോ പ്രതിഷേധത്തിൽ പങ്കാളിയായത് എന്നാണ് അന്വേഷിക്കുന്നത്.’– കൊച്ചിയിലെ എഫ്ആർആർഒ ചുമതലയുള്ള അനൂപ് കൃഷ്ണൻ ഐപിഎസ് പറഞ്ഞു. വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതു വീസാ ചട്ടപ്രകാരം നിയമലംഘനമാണ്.

പ്രകടനത്തിൽ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാൻ മേഥെ ജൊഹാൻസൻ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ മദ്രാസ് ഐഐടിയിൽ നിന്നു കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ ആവശ്യപ്പെട്ടത്.